ന്യൂദല്‍ഹി: രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം തട്ടിപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും അറിവോടെയായിരുന്നുവെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ വെളിപ്പെടുത്തി. 2ജി തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം മന്‍മോഹന്‍സിംഗും ചിദംബരവും അംഗീകരിച്ച ശേഷമാണ് നടത്തിയിട്ടുള്ളതെന്ന് പ്രത്യേക സിബിഐ ജഡ്ജി ഒ.പി.സെയ്നി മുമ്പാകെ രാജ പറഞ്ഞു.
ടെലികോം കമ്പനികളായ സ്വാന്, യൂണിടെക് എന്നിവയുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്ക് വിറ്റത് ഇരുവരുടെയും അറിവോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജയുടെ പുതിയ വെളിപ്പെടുത്തലോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയായ പി.ചിദംബരവും പ്രതിക്കൂട്ടിലായിരിക്കയാണ്. രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണത്തിന് ഒത്താശ ചെയ്ത ഇരുവരും രാജിവെക്കണമെന്ന ആവശ്യവും ശക്തമായി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് മന്‍മോഹന്‍സിംഗിനും ചിദംബരത്തിനുമെതിരെ രാജ തുറന്നടിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് അറസ്റ്റിലായ രാജ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. രാജക്കും മൂന്ന് ടെലികോം കമ്പനികളടക്കം 16 പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ സിബിഐയുടെ വാദം കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഡിഎംകെ എംപി കനിമൊഴിയടക്കം 14 പ്രതികളെയും തിഹാര്‍ ജയിലില്‍ അടച്ചിരിക്കയാണ്. യൂണിടെക്, സ്വാന് ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് വിറ്റിട്ടില്ലെന്ന് ചിദംബരവും മറ്റും ആവര്‍ത്തിക്കുന്നതിനിടെയാണ് രാജയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇരു കമ്പനികളുടെയും ഓഹരി കൈമാറ്റം അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അനുമതിയോടെയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സാന്നിധ്യത്തിലും ആയിരുന്നുവെന്നാണ് രാജ സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍, വിദേശകമ്പനികള്‍ക്ക് ഓഹരികള്‍ വിറ്റിട്ടില്ലെന്ന് ആവര്‍ത്തിച്ച ചിദംബരം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഓഹരി കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച നടന്നതായി ഇന്നലെ സമ്മതിക്കുകയും ചെയ്തു.
എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച ടെലികോം നയം തന്നെയാണ് താനും പിന്തുടര്ന്നതെന്ന് രാജ കോടതിയില്‍ അവകാശപ്പെട്ടു. ചില നയങ്ങളുടെ പേരില്‍ രാജയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരും അതിന് വിധേയരാകേണ്ടിവരുമെന്ന് രാജക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സുശീല്‍ കുമാര്‍ വാദിച്ചു.
ടെലികോം മന്ത്രിയായിരിക്കെ അരുണ്‍ഷൂരി 26 ലൈസന്‍സുകളും ദയാനിധി മാരന് 25ഉം താന്‍ 122 എണ്ണവും വിതരണം ചെയ്തു. എണ്ണത്തില്‍ വ്യതിയാനമുണ്ടെങ്കിലും ഇവരാരും സ്പെക്ട്രം ലേലം ചെയ്തിട്ടില്ലെന്ന് രാജ വാദിച്ചു. ജയിലിലായത് താന്‍ മാത്രമെന്നും അദ്ദേഹം പരിതപിച്ചു. അവര്‍ ചെയ്തതൊന്നും തെറ്റല്ലെങ്കില്‍ താനെന്തിന് ചോദ്യപ്പെടണമെന്നാണ് രാജയുടെ വാദം. 2ജി സ്പെക്ട്രം ലേലം ചെയ്യേണ്ടെന്ന 2003 ലെ മന്ത്രിസഭാ തീരുമാനം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തത്. താന്‍ സ്വീകരിച്ച നയം മൂലം മൊബെയില്‍ നിരക്കുകള്‍ താഴുകയും റിക്ഷാക്കാരനുപോലും താങ്ങാവുന്ന തലത്തില്‍ എത്തിയെന്നും രാജ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: