തിരുവനന്തപുരം: ബസ്ചാര്‍ജ്ജ് വര്‍ധന ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരും. നിരക്ക് വര്ധനവേണമെന്ന് സ്വകാര്യബസ് ഉടമകളും കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന് സമിതി റിപ്പോര്‍ട്ടാണ് യോഗം പരിഗണിക്കുക. മിനിമം ചാര്‍ജ്ജ് അഞ്ചുരൂപയാക്കണമെന്നാണ് ഈ സമിതിയുടെ പ്രധാനശുപാര്‍ശ. ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമിതി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. സ്വകാര്യ ബസ് ഉടമകളുമായി നാളെ നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായി ഒരുധാരണയുണ്ടാക്കുന്നതിന്റെ ഭാഗമാണ് ഇന്നത്തെ മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുന്നത്. ഇന്ന് തന്നെ അന്തിമതീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ നിരക്കു വര്‍ദ്ധിപ്പിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ബസ്സുടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോട് സര്‍ക്കാരിനും അനുകൂല സമീപനമാണെന്നാണ് അറിയുന്നത്. ഇതും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
നിരക്കു വര്‍ധിപ്പിക്കാതെ കെഎസ്ആര്‍ടിസിക്കു മുന്നോട്ടുപോകാനാകില്ലെന്ന് ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ധനവില വര്‍ധനയെത്തുടര്‍ന്നു പ്രതിദിനം 12 ലക്ഷം രൂപയുടെ അധികബാധ്യത കെഎസ്ആര്ടിസിക്കുണ്ടാകുന്നുവെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കിലോമീറ്ററിന് 20രൂപക്ക് താഴെ വരുമാനം ലഭിക്കുന്ന 900ത്തോളം ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. വരവും ചെലവും തമ്മില്‍ പ്രതിമാസം 40കോടിരൂപയുടെ വ്യത്യാസത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്ന് കോര്പ്പറേഷന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ്രാമചന്ദ്രന് നായര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത്. തുടര്‍ന്ന് പുതുക്കിയ റിപ്പോര്‍ട്ട് നല്കാന് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നിരക്ക് വര്‍ധനയാകും നടപ്പാക്കുക.
വൈദ്യുതി ചാര്‍ജ്ജിന് സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതു വഴി ഉണ്ടായ വര്‍ദ്ധനയ്ക്കു പിന്നാലെ ബസ്ചാര്‍ജ്ജ് കൂടി വര്‍ദ്ധിപ്പിക്കുന്നത് ജനത്തിന് വന്‍ ബാധ്യതയാകും. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചാല്‍ പ്രതിപക്ഷ സംഘടനകള്‍ സമര രംഗത്തിറങ്ങും. വിദ്യാര്‍ത്ഥികളുടെ യാത്രാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനെ വിദ്യാര്‍ത്ഥി സംഘടനകളും അനുകൂലിക്കുന്നില്ല. ഫലത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധന തീരുമാനം കേരളത്തില്‍ വന്‍ പ്രക്ഷോഭത്തിനും വഴി വച്ചേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: