ചെന്നൈ/പാലക്കാട്: തമിഴ്നാട്ടിലെ മഹാബലിപുരത്തും പാലക്കാടിനടുത്തുമുണ്ടായ വാഹനാപകടങ്ങളില്‍ സംവിധായകന് ജോഷിയുടെ മകളടക്കം ആറ് മലയാളികള്‍ മരിച്ചു. ഷൊര്‍ണൂര്‍-പാലക്കാട് സംസ്ഥാന പാതയില്‍ പത്തിരിപ്പാലക്കും പഴയ ലക്കിടിക്കും മധ്യേ പതിനാലാം മെയിലിനടുത്ത് ഇന്നലെ രാവിലെ 6.30 ഓടെയാണ് അമ്മയുടെയും രണ്ട് മക്കളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മണ്ണാര്‍ക്കാട് ചങ്ങലീരി നമ്പിയത്ത് സുബൈദ(53), മക്കളായ ആയിഷ(34), ഇസഹാക്ക്(25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുബൈടയുടെ ഭര്‍ത്താവ് സിദ്ദിഖി(60)നെ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് നിന്നും കോങ്ങാട് വഴി തൃശൂരിലേക്ക് വൈദ്യപരിശോധനക്ക് പോകുകയായിരുന്നു ഇവര്‍. ഗുരുവായൂരില്‍നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കെഎല്‍50 1440 മാരുതി ആള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇസഹാക്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ചുപോയി. സംഭവസമയത്ത് നല്ല മഴയുമുണ്ടായിരുന്നു. ഒറ്റപ്പാലത്തു നിന്നും എത്തിയ ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. റോഡിന്റെ മിനുസവും മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടകാരണമെന്നു കരുതുന്നു. അപകടത്തെ തുടര്‍ന്ന് അല്പനേരം ഇതുവഴിയുള്ള വാഹനഗതാഗതം മുടങ്ങി. മരിച്ച ഇസഹാക്കിന്റെ ഭാര്യ മുബഷീറ. ആയിഷയുടെ ഭര്‍ത്താവ് ഹമീദ്. ഷഹീന,ഷെബിന്‍ എന്നിവര്‍ മക്കളാണ്. സുബൈടയുടെയും സിദ്ദിഖിന്റെയും മറ്റു മക്കള്‍: അക്ബര്‍, ഫാത്തിമക്കുട്ടി, സഫറുദ്ദീന്‍, അബ്ദുള്‍ ജബ്ബാര്‍, ദാവൂദ്, മുബീന, ഹക്കീംയാസിന്ഖാന്, അഷറുദ്ദീന്, യാസര്‍ അറാഫത്ത്, യൂസഫലി. കബറടക്കം ഇന്ന് ചങ്ങലീരി വള്ളുവമ്പുഴ ജുമാമസ്ജിദ് കബര്‍സ്ഥാനിലും കുന്തിപ്പുഴ ജുമാമസ്ജിദ് കബര്സ്ഥാനിലുമായി നടക്കും. തമിഴ്നാട്ടില്‍ മഹാബലിപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്ത സിനിമാസംവിധായകന് ജോഷിയുടെ മകള്‍ ഐശ്വര്യ, തൃപ്പൂണിത്തുറ സ്വദേശി രാധിക, തൃശൂര്‍ സ്വദേശി അര്ജുന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കാനാട്ടുകര ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപം ‘ഗ്രീന്‍സി’ല്‍ അണ്ടേഴത്ത് ഡോ.രാജുവിെന്റ(നാട്ടിക എസ്എന്‍ കോളേജ് പ്രൊഫസര്‍) മകനാണ് അര്ജുന്(24). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തില്‍.
മൂന്നുവര്‍ഷമായി ചെന്നൈ ഇന്‍ഫോസിസില്‍ എഞ്ചിനീയറാണ് അര്ജുന്. അമ്മ: തണ്ടാശേരി ബീന. സഹോദരന്: അരുണ്‍(ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി).
തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജിന് സമീപം ഇന്ദീവരം വീട്ടില്‍ ആലപ്പാട്ട് രാമചന്ദ്രന്റെയും (ഷിപ്പ്യാര്ഡില് സൂപ്രണ്ട്) ഇന്ദിര (എറണാകുളം യൂണിയന് ബാങ്ക്)യുടെയും മകളാണ് രാധിക (21). സഹോദരന് രതീഷ് ബാംഗ്ലൂരില്‍ വിപ്രോയില്‍ ഉദ്യോഗസ്ഥനാണ്.
ചെന്നൈ ഇന്‍ഫോസിസില്‍ ജീവനക്കാരാണ് ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മഹാബലിപുരം ഈസ്റ്റ്കോസ്റ്റ് റോഡില്‍ ചെന്തന്പേട്ടില് വെച്ച് അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ജോലി സ്ഥലത്തുനിന്നും താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ചെന്തല്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. യേശുദാസ്, അശ്വിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: