ആസുരീക സ്വഭാവമുള്ളവര്‍ക്ക് ശരിയേത് തെറ്റേതെന്നറിയാനുള്ള ആഗ്രഹം പോലുമുണ്ടാകില്ല. അതുകൊണ്ടുതന്നെ മനസ്സും ചിന്തയും പ്രവൃത്തിയും ശുദ്ധമായിരിക്കില്ല. അവര്‍ പ്രഖ്യാപിക്കും: ഈ ലോകത്തില്‍ സത്യം ധര്‍മം എന്നൊന്നില്ല, എല്ലാം വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ (അപരസ്പര സംഭൂതം) നിന്നുടലെടുത്തതായതിനാല്‍ അത്തരത്തിലെല്ലാത്തിനേയും വിവരിക്കാം. അവര്‍ പറയും മനുഷ്യനും മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് ഈ ലോകത്തിന്റെ ആധാരം. അതല്ലാതെ മേറ്റ്ന്താണ്? ജനതയുടെ നിലനില്‍പ്പിന്നാധാരമെന്ന്. സ്ത്രീ പുരുഷ സംയോഗത്തില്‍ ജനനം നടക്കുന്നു. അതില്‍ ദൈവീകമായിട്ടൊന്നുമില്ല എന്നും ! ഇവരാണ് താമസ(താമസീക) സ്വഭാവമുള്ളവര്‍.
ആസുര സ്വഭാവദോഷമുള്ള ഇവര്‍ ആഗ്രഹങ്ങള്‍ക്കിടമകളായിരിക്കും, മുദ്രാവാക്യങ്ങളില്‍ എല്ലാം നിറയ്ക്കും. അജ്ഞതയാണ് ജ്ഞാനമെന്ന് മറ്റുള്ളവരെ ധരിപ്പിക്കും. ഈ ലോകത്തില്‍ അത്തരത്തിലുള്ള ധാരാളം പേരുണ്ട്. അഹംഭാവവും തന്റേടവും സ്വാര്‍ത്ഥ താല്‍പര്യവുമല്ലാതെ അവര്‍ക്ക് മറ്റൊന്നുമുണ്ടാകില്ല.അവരുടെ വിശ്വാസം മാത്രം ശരിയെന്നവര്‍ വാദിക്കും. സുഖമാണ് പരമമായ ലക്ഷ്യമെന്നവര്‍ തെളിയിക്കാന്‍ ശ്രമിച്ച് മരിക്കും വരെ ഈ അജ്ഞതയില്‍ ജീവിക്കും. എല്ലാ കാര്യത്തിലും അവര്‍ ഇടപെടും, അതിയായ ആഗ്രഹവും പ്രതീക്ഷയും എല്ലാവരിലും നിറയ്ക്കും. ദേഷ്യവും വാശിയും അവരുടെ കൂടെപ്പിറപ്പായിരിക്കും, ഏത് നീച പ്രവൃത്തിയും ചെയ്യും, പണവും ആഡംബരങ്ങളും കൊണ്ട് സുഖം കണ്ടെത്താമെന്നവര്‍ വാദിക്കും, ഇത്രയും ഞാനുണ്ടാക്കിയതാണ്, ഇന്ന് ഇത്രയുണ്ടാക്കി, ഇനിയും ഞാന്‍ നേടും ഇത്രയും സ്വത്തിന്റെ അധിപനാണ് ഞാന്‍, ഇനിയുമെനിക്കിത്രയും കൂടി ഉണ്ടാക്കാന്‍ സാധിക്കും, അവനെ ഞാന്‍ ശരിയാക്കും, അവന്റെ കഥ ഞാനവസാനിപ്പിക്കും, എന്നെ അവന് മനസ്സിലാക്കിയിട്ടില്ല, ഞാനാരാണെന്നവനെ പഠിപ്പിക്കും, എന്റെ ശക്തിയവനെ ഞാന്‍ അറിയിക്കും, ഞാനെന്റെ കഴിവുകൊണ്ടാണ് സന്തോഷിക്കുന്നതും സുഖിക്കുന്നതും, ഞാന്‍ സമ്പന്നനാണ്, എനിക്ക് വേണ്ടപ്പെട്ടവര്‍ ധാരാളമുണ്ട്, എന്നെപ്പോലെ മറ്റൊരാളെക്കാണിച്ചുതാ, ഈശ്വരന് എന്റെ കൂടെയാ, ഞാനവന് വേണ്ടതുകൊടുക്കും,എല്ലാവരേയും എന്റെ കൂടെയാക്കാനെനിക്ക് കഴിയും എന്നീ പ്രകാരമുള്ള അജ്ഞതയും അതിമോഹവും ഇന്ദ്രിയസുഖത്തിനുള്ള പരക്കം പാച്ചിലും പലതരം ചിന്തകളും കൊണ്ട് അന്ത്യത്തില്‍ അവര്‍ അഗാധ ഗര്‍ത്തത്തില്‍ പതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: