കൊച്ചി: ഡോക്ടര്‍മാരുടെ സംഘടനയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. എറണാകുളം ഗസ്തൗസില്‍ ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പങ്കെടുത്തു. ഇന്ന് തിരുവനന്തപുരത്ത് വെച്ച് വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
സമരവുമായി മുന്നോട്ടുപോകുമെന്ന് കെജിഎംഒ പ്രസിഡന്റ് ഡോ. പ്രമീളാദേവി പറഞ്ഞു. ജൂലൈ 30 മുതല്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ ഡോക്ടര്‍മാര്‍ ആശുപത്രികളിലെ സ്പെഷ്യാലിറ്റി ഒപികള്‍ ബഹിഷ്കരിക്കുമെന്നും സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവെക്കുമെന്നും അവര്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള ഉറപ്പ് സര്‍ക്കാരില്‍നിന്ന് ലഭിക്കുംവരെ നിസ്സഹകരണ സമരം തുടരും.
ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച സ്പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുക, സ്പെഷ്യാലിറ്റി അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സമരം ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഡോ. പ്രമീള പറഞ്ഞു.
എന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ കൂടുതലാണെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവിലെ കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിയില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ഡോക്ടര്‍മാരുടെ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക ആലപ്പുഴ ജില്ലയെയാണ്. പകര്‍ച്ചവ്യാധി കൊണ്ട് പൊറുതിമുട്ടിയ ജില്ലയ്ക്ക് ഈ സമരം താങ്ങാന്‍ കഴിയില്ല. എച്ച്1എന്‍1, ജപ്പാന്‍ജ്വരം, ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയിഡ്, മഞ്ഞപ്പിത്തവും ജില്ലയില്‍ വ്യാപകമായിരിക്കുകയാണ്. എച്ച്1എന്‍1ഉം ടൈഫോയിഡും മഞ്ഞപ്പിത്തവും മൂലം ആറോളംപേരാണ് ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ മരിച്ചത്.
ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്. ഒരുമാസം മുന്‍പ് ജില്ലയില്‍ ജപ്പാന്‍ജ്വരം പടര്‍ന്നുപിടിച്ചെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടിരുന്നു. ഇതാണ് വീണ്ടും ജപ്പാന്‍ജ്വരം വ്യാപകമാകാന്‍ കാരണമായതെന്ന് സംശയിക്കുന്നു.
ഇതിനിടെ പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം എത്തുന്നതെന്നുള്ള കേന്ദ്രസഹമന്ത്രി കെ.സി.വേണുഗോപാലിന്റെ പ്രസ്താവന പൊളിഞ്ഞു. ജപ്പാന്ജ്വരത്തെക്കുറിച്ച് പഠിക്കാനെത്തിയ സംഘമായിരുന്നു ഇന്നലെയെത്തിയത്. ഇവര്‍ ജപ്പാന്‍ജ്വരം ബാധിത പ്രദേശങ്ങള്‍ മാത്രം സന്ദര്‍ശിച്ച് രക്തസാമ്പിളുകള്‍ ശേഖരിച്ചു. കൊതുകുകളേയും ശേഖരിച്ചിട്ടുണ്ട്. മുഴുവന്‍ പകര്‍ച്ചവ്യാധികളെയും കുറിച്ച് പഠിക്കാനാണ് തങ്ങളെത്തിയതെന്ന് സംഘം വെളിപ്പെടുത്തിയതോടെയാണ് മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ബോധ്യപ്പെട്ടത്. ഇന്നലെ എത്തിയ സംഘം കൂടുതല്‍ സമയം കൊതുകുകളെ പിടിക്കാനാണ് ചിലവഴിച്ചത്.
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ എല്ലാവിധ സാങ്കേതിക സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനിടെ ഇന്നലെ എത്തിയ ജപ്പാന്‍ജ്വര പഠനസംഘം ജപ്പാന്‍ജ്വരം കൂടുതല്‍ സ്ഥലത്തേക്ക് പടരാനിടയുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് സംഘാംഗമായ ഡോ.വി.കെ.റെയ്ന പറഞ്ഞു.
ജില്ലയില്‍ വ്യാപകമായ പനിയും പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമാണെന്ന കേന്ദ്രസംഘത്തിന്റെ പ്രഖ്യാപനം നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് തോമസ് ഐസക് എംഎല്‍എ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: