കോയമ്പത്തൂര്‍: ഡി.എം.കെയുടെ നിര്‍ണ്ണായക നേതൃയോഗം കോയമ്പത്തൂരില്‍ തുടങ്ങി. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി സഖ്യം തുടരണമോ എന്ന കാര്യത്തില്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
കേന്ദ്രത്തിലും സംസ്ഥാനത്തും പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഡി.എം.കെയുടെ ജനറല്‍ കൗണ്‍സില്‍ കോയമ്പത്തൂരില്‍ ചേരുന്നത്. ശിങ്കനല്ലൂരില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകുന്നേരം നാല് മണിക്കാണ് യോഗം ആരംഭിച്ചത്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഡി.എം.കെയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവച്ചു കഴിഞ്ഞു.
കരുണാനിധിയുടെ മകള്‍ കനിമൊഴിയും എ.രാജയും തിഹാര്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ ഡി.എം.കെ യു.പി.എയില്‍ തുടരണമോ എന്ന കാര്യമാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഡി.എം,കെയുടെ പ്രാദേശിക നേതാക്കളെ ഭൂമി കേസുകളില്‍ പ്രതിയാക്കുന്ന ജയലളിത സര്‍ക്കാരിന്റെ നടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഭൂമി തട്ടിപ്പ് കേസുകള്‍ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ യോഗവും ഇതോടൊപ്പം ചേരുന്നുണ്ട്. കരുണാനിധിക്ക് ശേഷം ഡി.എം.കെ അധ്യക്ഷ സ്ഥാനം ആര്‍ക്കെന്നതിനെ സംബന്ധിച്ച് അഴഗിരിയും സ്റ്റാലിനും തമ്മിലുള്ള പോര് രൂക്ഷമാണ്.
സ്റ്റാലിന്റെ ശക്തികേന്ദ്രമായ കോയമ്പത്തൂരില്‍ ചേരുന്ന യോഗത്തില്‍ അഴഗിരിയും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: