ആലപ്പുഴ: ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്താശയോടെ പുന്നപ്രയില്‍ റിസോര്ട്ടുകാര് നടത്തുന്ന നിലം നികത്തല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവസ്ഥലം ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് സന്ദര്‍ശിച്ചു.
അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയതായി പറവൂര്‍ വില്ലേജ് ഓഫീസര്‍ ശശികുമാര്‍ അറിയിച്ചു. നിലവില്‍ കൃഷി നടത്തുന്ന 216 ഏക്കറോളമുള്ള പൂന്തുരം പാടശേഖരത്തിലെ ആറേക്കറോളം ‘സിട്രസ് റിട്രീറ്റ്സ്’ റിസോര്ട്ടുകാര് നികത്തിക്കഴിഞ്ഞു. നിലംനികത്തലിനെതിരെ പോരാട്ടം നടത്തുന്ന വി.എസ്.അച്യുതാനന്ദന്റെ വീട് സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്താശയോടെ നിലം നികത്തല്‍ നടന്നത്.
പതിറ്റാണ്ടുകളായി സിപിഎം പ്രതിനിധീകരിച്ച വാര്‍ഡില്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരാണ് ജനപ്രതിനിധി. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും നിലം നികത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ജന്മഭൂമിയില് വാര്‍ത്ത വന്നതോടെ സംഭവം വിവാദമായ സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ നിലവില്‍ കൃഷി നടക്കുന്ന പാടശേഖരം സര്‍ക്കാര്‍ രേഖകളില്‍ നിലമെന്നതിന് പകരം പുരയിടമെന്ന് രേഖപ്പെടുത്തിയത് വിവാദമായി. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ കള്ളക്കളിയാണ് റിസോര്‍ട്ടുകാര്‍ക്ക് നിലം നികത്താന്‍ സഹായകമായത്. പതിറ്റാണ്ടുകളായി കൃഷി നടക്കുന്ന നിലം സര്‍ക്കാര്‍ രേഖകളില്‍ പുരയിടമായതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നു. നിലം നികത്തുന്നത് താല്‍ക്കാലികമായി തടഞ്ഞെങ്കിലും 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം റിസോര്‍ട്ടുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കാലങ്ങളായി പാടശേഖരം നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചത് അദ്ദേഹം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു. കൂടുതല്‍ സ്ഥലം നികത്തുന്നതിനായി ചെളികൊണ്ട് വരമ്പുകള്‍ നിര്‍മിച്ച് തുടങ്ങിക്കഴിഞ്ഞു.
വിവാദ റിസോര്‍ട്ടിലേക്ക് ബിജെപി 24ന് മാര്‍ച്ച് നടത്തുമെന്ന് മുരളീധരന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിലം നികത്തുന്നതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. ജില്ലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വ്യാപകമായി നിലം നികത്തല്‍ നടക്കുകയാണെന്നും മുരളീധരന് പറഞ്ഞു. ഭൂമി കയ്യേറ്റത്തിനും നിലം നികത്തലിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി.ജയചന്ദ്രന് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: