കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എകെജിയുടെ തറവാട് വീട് പൊളിച്ചുനീക്കുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ എ.കെ.ഗോപാലന് എന്ന എകെജിയുടെ പെരളശ്ശേരിയിലെ ഗോപാലവിലാസം എന്ന വീടാണ് ഇന്നലെ പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ പാവങ്ങളുടെ പടത്തലവന് എന്നറിയപ്പെടുന്ന എകെജിയുടെ ശവകുടീരം നിലനില്‍ക്കുന്ന പറമ്പിലെ വീടാണ് ഇതോടെ ഓര്‍മയാകുന്നത്.
കഴിഞ്ഞവര്‍ഷം ജൂണില്‍ വീടിന്റെ അവകാശികള്‍ വീട് പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ സിപിഎം അണികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രശ്നം മാധ്യമങ്ങളിലാകെ വാര്‍ത്തയായതോടെ പാര്‍ട്ടി നേതൃത്വം രംഗത്ത് വരികയും വീട് മ്യൂസിയമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എകെജിയുടെ മരുമകന് സദാശിവനാണ് വീടിന്റെ ഇപ്പോഴത്തെ അവകാശി. സംഭവം വിവാദമായതോടെ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദനും വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിയും മുന്‍ ദേവസ്വം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും വീട് സന്ദര്‍ശിച്ച് ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി അണികളുടെ കയ്യടി വാങ്ങി.
തിരുവേപ്പതി മില്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കോടികള്‍ വില കൊടുത്തുവാങ്ങി നായനാര്‍ സ്മാരകമാക്കാന് ശ്രമിക്കുന്ന കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ജനകീയ നേതാവും പാവപ്പെട്ടവരുടെ പടത്തലവനുമെന്ന് വിശേഷിപ്പിക്കുന്ന എകെജി ബാല്യകാലം കഴിച്ചുകൂട്ടിയ ഗോപാലവിലാസം വീട് പൊളിക്കുമ്പോള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്.
സാംസ്കാരിക പൈതൃക പദ്ധതിയില്‍ പെടുത്തി വീട് സംരക്ഷിക്കുമെന്ന് പറഞ്ഞ കോടിയേരിയെയും അച്ചുതാനന്ദനെയുമെല്ലാം പാര്‍ട്ടി അണികള്‍ വീട് പൊളിക്കുന്ന കാര്യം അറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഇന്നലെ തുടങ്ങിയ പൊളിക്കല്‍ നാളെ പൂര്‍ത്തിയാകും. അതോടെ എകെജിയുടെ തറവാട് വീട് മണ്‍കൂനയായി മാറും.
-സി.വി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: