ജനങ്ങള്‍ക്ക് ഈശ്വരവിശ്വാസമുണ്ടെങ്കിലും ശരിയായ ആദ്ധ്യാത്മികബോധം അവര്‍ക്ക് ലഭിക്കുന്നില്ല. അതു ലഭിക്കുന്നതിന് വേണ്ട സാഹചര്യവും ഇന്ന് വേണ്ടത്രയില്ല. പൂജാരികള്‍ മിക്കവും ഗൃഹസ്ഥന്മാരാണ്. അവര്‍ പൂജ പഠിച്ച്, പൂജ ഒരു ജോലിയായി ചെയ്യുന്നു. പൂജ അവര്‍ക്ക് ജീവിക്കുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. ഇന്നുള്ള പൂജാരികളില്‍ എത്രപേര്‍ അതിനെ അന്തഃകരണശുദ്ധിക്കുള്ള സാധനയായി കാണുന്നുണ്ട്? അതിനാല്‍, ക്ഷേത്രങ്ങളില്‍ വരുന്ന ഭക്തര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുവാന് അവര്‍ക്ക് സാധിക്കുന്നില്ല.
ക്ഷേത്രകമ്മിറ്റികളും ബോര്‍ഡുകളും ഉണ്ടെങ്കിലും അവര്‍ക്കും ആദ്ധ്യാത്മിക തത്വങ്ങള്‍ ഉള്‍ക്കൊള്ളുവാനോ പ്രചരിപ്പിക്കുവാനോ സമയമില്ല. ഉത്സവങ്ങള്‍ എങ്ങനെ ഗംഭീരമാക്കാം, തങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാക്കാം എന്നതിലാണ് പൊതുവെ അവരുടെ ശ്രദ്ധ. മിക്ക ഭക്തന്മാരും മതത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പറ്റി ഒന്നും തന്നെ അറിയില്ല. മതപരമായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ശരിയായ അര്‍ത്ഥമറിയാതെ പലരും പൂര്‍വ്വികര്‍ ചെയ്തുവരുന്നത് അതേപടി അനുകരിക്കുകയാണ്.
അച്ഛന് അമ്പലത്തില്‍ ചെയ്യുന്നത് കണ്ടുനിന്ന മകന് വലുതാകുമ്പോള്‍ അതുതന്നെ അനുകരിക്കുന്നു. ആചാരങ്ങള്‍ക്ക് പിന്നിലുള്ള തത്ത്വമോ ശാസ്ത്രീയതയോ അറിയാന്‍ ഒട്ടും ശ്രമിക്കുന്നില്ല. തമാശയായി പറയാറുള്ള ഒരു കഥയുണ്ട്; ഒരു കാര്യസ്ഥന് നാലുപേരെ വിളിപ്പിച്ച് ഓരോ ജോലി ഏല്പിച്ചു. ഒന്നാമന് കുഴി കുഴിക്കണം, രണ്ടാമന് അതില്‍ വിത്തിടണം, മൂന്നാമന് അതില്‍ വെള്ളമൊഴിക്കണം. നാലാമന് ആ കുഴി മണ്ണിട്ടുമൂടണം. അവര്‍ ജോലി തുടങ്ങി. ഒരാള്‍ കുഴി എടുത്തു. എന്നാല്‍ വിത്തിടേണ്ടയാള്‍ അത് ചെയ്തില്ല. ഇതു കാര്യമാക്കാതെ മുന്നാമന്‍ വെള്ളമൊഴിച്ചു. നാലാമന് കുഴിമൂടുകയും ചെയ്തു. ഫലമോ, അവര്‍ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികള്‍ എല്ലാം ചെയ്തതു വിത്തിട്ട് കിളിര്‍പ്പിക്കുന്നതിനുവേണ്ടിയാണ്, എന്നാല്‍ അതുമാത്രം ഉണ്ടായില്ല. ഇതുപോലെയാണ് ഈ ആരാധകരും.
ശരിയായ തത്ത്വം ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കാതെ, വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഇതുമൂലം ക്ഷേത്വവിശ്വാസികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഭക്തികൊണ്ടുള്ള പ്രയോജനം സമൂഹത്തില്‍ വേണ്ടത്ര കാണാന്‍ കഴിയുന്നില്ല. ഭക്തിയും ആധ്യാത്മികതയും ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല. മാറ്റം ഒട്ടും ഇല്ല എന്ന് അമ്മ പറയില്ല. ഇത്രയെങ്കിലും ഒക്കെ പിടിച്ചുനില്ക്കുവാന് നമുക്ക് കഴിയുന്നുണ്ടല്ലോ. മക്കള്‍ എല്ലാവരും വേണ്ടവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലും എത്രയോ മടങ്ങു മാറ്റം വ്യക്തിയിലും സമൂഹത്തിലും വരുത്തുവാന്‍ കഴിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: