ട്രിപ്പൊളി: ലിബിയയുടെ പ്രതിപക്ഷത്തെ യഥാര്‍ത്ഥ ഭരണാധിപതികളായി അമേരിക്ക അംഗീകരിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനാണ് ഇസ്താംബൂളില്‍ ഒരു നയതന്ത്രതല യോഗത്തിനുശേഷം ഈ വിവരം അറിയിച്ചത്.
ലിബിയയില്‍ ഗദ്ദാഫി ഭരണത്തിന് അധികാരമില്ലെന്ന അമേരിക്കന്‍ കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ട്രാന്‍സിഷണല്‍ നാഷണല്‍ കൗണ്‍സിലിനാണ് അമേരിക്ക അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അമേരിക്കന്‍ ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്ന 30 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ലിബിയന്‍ സ്വത്തുക്കള്‍ പ്രതിപക്ഷത്തെ സഹായിക്കാനായി ഉപയോഗപ്പെടുത്തും.
രാജ്യങ്ങളെയാണ്, ഭരണകൂടങ്ങളെയല്ല സാധാരണയായി അമേരിക്ക അംഗീകരിക്കുന്നത്. ഇടക്കാല നാഷണല്‍ കൗണ്‍സില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോകമെങ്ങും ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അമേരിക്കന്‍ ജനതയോടുള്ള നന്ദിയും അവര്‍ രേഖപ്പെടുത്തിയതായി ഹിലരി ക്ലിന്റണ് അറിയിച്ചു. മുപ്പതിലേറെ യൂറോപ്പ്-അറേബ്യന്‍ രാജ്യങ്ങള്‍ റെബലുകളെ അംഗീകരിച്ചിട്ടുണ്ട്.
ഇതിനിടെ, കേണല്‍ ഗദ്ദാഫിക്ക് രാജ്യം വിട്ടുപോവുകയല്ലാതെ മറ്റ് നിവര്ത്തിയൊന്നുമില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍കോ ഫ്രാറ്റിനി അഭിപ്രായപ്പെട്ടു.
ഇതേസമയം സില്‍ത്താന്‍ പട്ടണത്തില്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി ഈ അംഗീകാരങ്ങളെ നിങ്ങളുടെ കാല്ക്കീഴിലിട്ട് ചവിട്ടിയരക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ലിബിയയിലെ ഐക്യരാഷ്ട്രസഭയടെ പ്രത്യേക ദൂതന് അബ്ദുള്‍ ഇല അല്‍ ഖത്തീബ് സമാധാനശ്രമങ്ങള്‍ക്ക് ലിബിയന്‍ നേതൃത്വവുമായി കൂടിയാലോചന നടത്തുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.
ഗദ്ദാഫി ട്രിപ്പൊളിയിലെ തന്റെ താവളത്തില്‍ താമസിച്ചുകൊണ്ട് നാറ്റോ ബോംബാക്രമണത്തില്‍നിന്നും രക്ഷ നേടുന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: