കോട്ടയം: ആതുരസേവനത്തിനായി ജീവിതമുഴിഞ്ഞുവച്ച കുറിച്ചി ആതുരാശ്രമം മഠാധിപതി സ്വാമി ആതുരദാസിന്റെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ആതുരാശ്രമത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് സ്വാമിജി സ്ഥാപിച്ച ഹോമിയോ കോളേജിന്റേയും ആശ്രമത്തിന്റെയും മധ്യേയുള്ള സ്ഥലത്ത് ചന്ദനമുട്ടികള്‍കൊണ്ട് ഒരുക്കിയ ചിതയില്‍ സ്വാമിജിയുടെ സംസ്ക്കാരം നടക്കും. സ്വാമിജിയുടെ ആഗ്രഹപ്രകാരമാണ് ആശ്രമ പരിസരത്ത് ചിതയൊരുക്കി സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുന്നത്.
ഇന്നലെ രാവിലെ 10 മണിയോടെ ഹോമിയോ കോളേജിലെ മെയിന്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന മന്ത്രിമാരായ കെ.എം.മാണി,കെ.സി.ജോസഫ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ് തോമസ് എംഎല്‍എ,എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍,ശിവഗിരി മഠത്തിലെ സന്യാസിമാര്‍,ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എ.ആര്.മോഹന്‍, പ്രാന്തപ്രചാരക് പി.ആര്.ശശിധരന്,ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്,കെ.ജി.രാജ്മോഹന്‍,പി.ജി.ബിജുകുമാര്‍,സി.എന്‍.സുഭാഷ്, ക്നാനായ സഭ ബിഷപ്പ് മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത,ഗീവര്‍ഗീസ് കൂറിലോസ് തിരുമേനി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
സ്വാമിജിയുടെ പ്രയത്നഫലമായി ഉയര്‍ന്നുവന്ന ഹോമിയോ കോളേജിലൂടെ പഠിച്ചു പുറത്തിറങ്ങിയ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ സ്വാമിജിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കൂടാതെ കുറിച്ചിയിലേയും സമീപ പ്രദേശങ്ങളിലേയും നൂറുകണക്കിന് ജനങ്ങള്‍ തങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്ന സ്വമിജിയെ ഒരുനോക്ക് കാണാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: