തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളെജിലെ സീറ്റ് കച്ചവടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
മാനേജുമെന്റിനെതിരെ പരാതിക്കാരുണ്ടെങ്കില്‍ മാത്രമെ അന്വേഷണം നടത്തൂവെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. ചട്ടം 50 പ്രകാരം സി.പി.ഐയിലെ വി.എസ്. സുനില്‍കുമാറാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മാനേജുമെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി കരാറുണ്ടാക്കിയ കാരക്കോണം മെഡിക്കല്‍ കോളേജ് മുന്‍കൂര്‍ തലവരിപ്പണം വാങ്ങി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുകയാണ്. ഇതിനു 47 വിദ്യാര്‍ഥികളുടെ പട്ടിക തയാറാക്കി. വ്യാഴാഴ്ച പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണിത്. പൊതു പ്രവേശന പരീക്ഷയില്‍ 47,000 റാങ്കു വരെ ലഭിച്ച വിദ്യാര്‍ഥി വരെ പട്ടികയിലുണ്ട്. പട്ടിക സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ തയാറാണെന്നും സുനില്‍കുമാര്‍ അറിയിച്ചു.
മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സര്‍ക്കാര്‍ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നു മറുപടി നല്കിയ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഏതാനും വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നേടിക്കൊടുക്കാനും സര്‍ക്കാരിനായി. ഇതിനിടയില്‍ ഫീസിളവു നേടിക്കൊടുക്കാനുള്ള ഉപാധിയാണോ കോഴവാങ്ങലെന്ന് എം.എ ബേബി ചോദിച്ചതു വാഗ്വാദത്തിനിടയാക്കി.
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സാധ്യമല്ലെന്നു മന്ത്രി വ്യക്തമാക്കി. തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലവരിപ്പണം അനുവദിക്കില്ലെന്നു പറഞ്ഞെങ്കിലും നടപടി എടുക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഇതോടെ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതു ബഹളത്തിനിടയാക്കി. ഇതേത്തുടര്‍ന്നാണു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
കോഴ വാങ്ങിയ വാര്‍ത്ത തെളിവു സഹിതം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ഇറങ്ങിപ്പോക്കിനു മുന്‍പു പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: