തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കണമെന്നും തൃത്താല സുരക്ഷാ സംവിധാനം ഒരുക്കണമെന്നുമുള്ള ശുപാര്‍ശകളോടെ പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. എഡിജിപി കെ. വേണുഗോപാല്‍ നായര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിലെ കമാന്‍ഡോകളുടെ എണ്ണം കൂട്ടാനും ക്യാമറകളും സെന്‍സറുകളും സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ക്ഷേത്രത്തിന് പുറത്ത് സരുക്ഷാഭീഷണി ഉയര്‍ത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ 200ഓളം കമാന്‍ഡോകളുടെ സേവനമാണ് ക്ഷേത്രസുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതു വര്‍ധിപ്പിക്കണം. കണ്ട്രോള് റൂമില്‍ 24 മണിക്കൂര്‍ നീണ്ട നിരീക്ഷണ സംവിധാനമൊരുക്കണം. ക്ഷേത്രത്തിന് അരകിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ ക്യാമറകളും സ്കാനറുകളും ഉള്‍പ്പെടെയുള്ള മറ്റു നിരീക്ഷണ സംവിധാനങ്ങള്‍ വേണമെന്നും ക്ഷേത്രത്തിലേക്കു വരുന്നവരെയും പോകുന്നവരെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങണം. ക്ഷേത്രത്തിന് അകത്തും പുറത്തും സുരക്ഷാ കമാന്‍ഡോകളെ വിന്യസിപ്പിക്കുന്നതിനൊപ്പം തുടര്‍ച്ചയായ പട്രോളിങ്ങിനു പ്രത്യേകം സംവിധാനമൊരുക്കണം. വിവിധതരം ക്യാമറകള്‍, സ്കാനറുകള്‍, ലേസര്‍ സെന്‍സറുകള്‍, മെറ്റല്‍ ഡിറ്റക്റ്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംവിധാനങ്ങള്‍ക്കായി 30കോടി രൂപയെങ്കിലും ആവശ്യമായി വരും. ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കാനാകുമെന്നും എഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ഷേത്രവും പരിസരവും അതീവ സുരക്ഷാ മേഖലയായി നിലനിര്‍ത്തേണ്ടതിന് സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പ്രത്യേക വിവരശേഖരണം നടത്തിയിരുന്നു.
ക്ഷേത്ര പരിസരത്തുള്ള വീടുകളുടെ എണ്ണം, ഇവിടങ്ങളിലെ താമസക്കാരുടെ ഉടമസ്ഥാവകാശം, എത്രകാലമായി താമസിക്കുന്നു, ഓരോ വ്യക്തികളുടെയും വിവരങ്ങള്‍, ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടോ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ വീടുകളില്‍ അതിഥികളായി എത്തുന്നവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലേക്കുള്ള നാലുറോഡുകളിലെ വീടുകളും കടകളും ഒഴിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. എത്ര വീടുകളാണ് ഒഴിപ്പിക്കേണ്ടിവരികയെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. കടകളും വീടുകളും ഒഴിപ്പിക്കുന്നതു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നാണ് നിഗമനം.
കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 14ന് സത്യവാങ്മൂലം നല്‍കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ക്ഷേത്രത്തില്‍നിന്ന് ലഭിച്ച വസ്തുവകകള്‍ അവിടെത്തന്നെ സൂക്ഷിക്കണമെന്നതായിരിക്കും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കുക എന്നറിയുന്നു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: