തൃശൂര്‍: തൃശൂര്‍ സ്വദേശി ദുബായിയിലെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍. ദുബായ് കരാമയില്‍ ദുബായ് ഹോള്‍ഡിംഗ് ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന തൃശൂര്‍ പെരിങ്ങാവ് ചാങ്കര രാഘവന്റെ മകന് ശശികുമാര്‍(45) മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംഭവത്തില്‍ സുഹൃത്തും ദുബായ് ഹോള്‍ഡിംഗ് ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനും കുന്നംകുളം ചൂണ്ടല്‍ സ്വദേശിയുമായ സുഹൃത്ത് ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
ഞായറാഴ്ച രാവിലെയാണ് ജോലി സ്ഥലത്തിനടുത്തുള്ള ഫ്ലാറ്റില്‍ ശശികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് ആവശ്യപ്പെട്ട ജോലി ശരിയാക്കിക്കൊടുക്കാത്തതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഫ്ലാറ്റിനകത്ത് സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. ക്യാമറയില്‍ വേറെയും ആളുകളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട്തന്നെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് സംശയിക്കുന്നു.
പത്തുവര്‍ഷമായി ദുബായ് ഹോള്‍ഡിംഗ് ഗ്രൂപ്പിലെ ഫിനാന്‍സ് മാനേജരായ ശശികുമാര്‍ എല്ലാ ദിവസവും രാത്രി ഭാര്യയെ ഫോണില്‍ വിളിക്കാറുണ്ട്. അന്ന് വിളിക്കാതിരുന്നതിനെത്തുടര്‍ന്ന് ഭാര്യ ഗീത ശശികുമാറിന്റെ മൊബെയില്‍ ഫോണിലേക്ക് വിളിച്ചു. മറുപടി ലഭിക്കാതായതിനെത്തുടര്‍ന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
സംശയം തോന്നിയതിനെത്തുടര്‍ന്ന് ഓഫീസിലെ ഡ്രൈവര്‍മാര്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ മുന്‍ഭാഗത്തെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ടിവി ഓഫ് ചെയ്തിരുന്നില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് അകത്ത് ശശികുമാറിനെ മരിച്ചനിലയില്‍ കണ്ടത്. മുറിയിലെ കസേരകള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പിടിയിലായ സുഹൃത്ത് കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
പിടിയിലായ സുഹൃത്ത് ദുബായില്‍ റെന്റ് എ കാര്‍ ഷോപ്പിലെ ഡ്രൈവറായിരുന്നു. ശശികുമാര്‍ പിന്നീട് സുഹൃത്തിന് ശശികുമാറിന്റെ കമ്പനിയില്‍ ഡ്രൈവറുടെ ജോലി വാങ്ങിക്കൊടുത്തിരുന്നു. വീടുവയ്ക്കാന്‍ വരെ ശശികുമാര്‍ ഇയാളെ സഹായിച്ചിരുന്നതായും പറയുന്നു. വെങ്കിട്ട്, നിലഞ്ജന എന്നിവരാണ് മരിച്ച ശശികുമാറിന്റെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: