ലഖ്നൗ: ലഖ്നൗ ജില്ലാ ജയില്‍ ആശുപത്രിയിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വൈ.എസ്.സച്ചാന്‍ കൊല്ലപ്പെടുകയായിരുന്നെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമായി.
സച്ചാന്‍ കൊല്ലപ്പെട്ടതാണെന്ന കാര്യം പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജേഷ് ഉപാധ്യായ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. സച്ചാന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടുകൂടിയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ബി.പി.സിങ്ങിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സച്ചാനെ കഴിഞ്ഞ ജൂണ്‍ 22 നാണ് ലഖ്നൗ ജില്ലാ ജയില്‍ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും അവിടെവെച്ച് സച്ചാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. സംഭവത്തെത്തുടര്‍ന്ന് അഞ്ച് ജയില്‍ അധികൃതര്‍ സസ്പെന്‍ഷനിലായിരുന്നു.
ഇതോടൊപ്പം സച്ചാന്റെ ശരീരത്തില്‍ ഒന്‍പത് അസ്വാഭാവിക അടയാളമുണ്ടായിരുന്നുവെന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സച്ചാന്‍ കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന കാര്യം ഇക്കാരണത്താല്‍ നൂറുശതമാനവും ഉറപ്പിക്കാനാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജില്ലാ ജഡ്ജി, ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നിവര്‍ മുന്‍പാകെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: