ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലാത്തികളല്ല വെടിയുണ്ടകളെ നേരിട്ടായാലും ആഗസ്റ്റ് 16ന് പ്രഖ്യാപിച്ച സമരം തുടങ്ങുമെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് വിവരാവകാശ നിയമം പോലുള്ളവ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള സമരം ബ്ലാക്മെയിലാണെങ്കില് എന്റെ ജീവിതകാലം മുഴുവന്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.
ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ വേവലാതികളെ പരിഹസിക്കുന്ന ടെലികോം മന്ത്രി കപില്‍ സിബല്‍ പഞ്ചായത്ത്രാജ് നടപ്പാക്കാനുള്ള ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികള്‍ തങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാണ് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി നടപ്പിലാക്കിയതെന്ന് മറന്നുപോകുന്നതായി ഹസാരെ കുറ്റപ്പെടുത്തി. ദക്ഷിണ മുംബൈയില്‍ ‘ഇന്ത്യ അഴിമതിക്കെതിരെ’ എന്നതിന്റെ ഓഫീസ് ഉദ്ഘാടനംചെയ്തശേഷം ഹസാരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തന്റെ 16-ാം തീയതിയിലെ ലോക്പാല്‍ സമരം രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് ഹസാരെ ആവര്‍ത്തിച്ചു. അന്ന് വൈകിട്ട് 8 മുതല്‍ 9 വരെ വിളക്കുകള്‍ കെടുത്തി തെരുവിലിറങ്ങി അഴിമതി അവസാനിപ്പിക്കാനുള്ള പ്രകടനം സംഘടിപ്പിക്കാന്‍ ഹസാരെ ആഹ്വാനം ചെയ്തു.
തന്റെ ജന്തര്‍മന്ദിറിലെ പ്രക്ഷോഭത്തെ ബാബാ രാംദേവിന്റെ സത്യഗ്രഹത്തെപ്പോലെ അടിച്ചമര്ത്തുമെന്നാണവര് പറയുന്നത്. ഇത് ഏകാധിപത്യമാണ്, ജനാധിപത്യമല്ല. ഞാന്‍ വെടിയുണ്ടകള്‍ നേരിടാന്‍ തയ്യാറാണ്. വെറും ലാത്തികളെയല്ല, ഹസാരെ തുടര്‍ന്നു.
അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും കല്‍ത്തുറുങ്കിലേക്കു പോകുമ്പോള്‍ അഴിമതി അവസാനിക്കുകയും ജനങ്ങള്‍ക്ക് ഒരു നല്ല സന്ദേശം ലഭിക്കുകയും ചെയ്യും.
ലോക്പാല്‍ ബില്ലിലെ തെരഞ്ഞെടുക്കപ്പെടാത്ത കൂട്ടരാണ് പൊതുസമൂഹം എന്ന കപില്‍ സിബലിന്റെ പരാമര്‍ശത്തിന് തങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാരെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും വെറും സേവകര്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: