തിരുവനന്തപുരം: പറയത്തക്ക പുതുമകളൊന്നുമില്ലാതെ ക്ഷേമപദ്ധതികളോട് പൊതുവെ അവഗണന പുലര്‍ത്തുന്ന ഇടക്കാല ബജറ്റ് ധനകാര്യമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ക്ക് പദ്ധതികളും ആനുകൂല്യങ്ങളും വാരിക്കോരി നല്കിയപ്പോള് ചില ജില്ലകളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശംപോലുമില്ല. ആഴ്ചയില്‍ ഏഴ് ദിവസം കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് പ്രഖ്യാപിച്ച ബജറ്റ് വനിതാക്ഷേമത്തെ പൂര്‍ണമായി അവഗണിച്ചതായി ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ തരം നികുതികളുടെ പിരിവിനെ സംബന്ധിച്ച നടപടികള്‍ മോണിറ്റര്‍ ചെയ്യുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ധനവകുപ്പില്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കും. നികുതി മേല്‍നോട്ടത്തിനായുള്ള ഈ സമിതിയില്‍ ധനമന്ത്രി ചെയര്‍മാനായിരിക്കും. ഈ സമിതിയില്‍ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് വിഭവ സമാഹരണം കാര്യക്ഷമമാക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും.
നികുതി വകുപ്പിനും സര്‍ക്കാരിനും നികുതി സംബന്ധമായ വിഷയങ്ങളില്‍ ലഭിക്കുന്ന പഠന ഗവേഷണ റിപ്പോര്‍ട്ടുകളും വ്യാപാര വ്യവസായ മേഖലകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും വിശകലനം ചെയ്ത് സര്‍ക്കാരിനു വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്നത് ഈ സമിതിയുടെ പ്രധാന ചുമതലയായിരിക്കും. ഉല്‍പ്പന്ന സേവന നികുതി നടപ്പിലാക്കുന്നതിലേക്ക് മുന്കൂട്ടിയെടുക്കേണ്ട തയ്യാറെടുപ്പുകളും ഈ സമിതിയുടെ അധികാരപരിധിയില്പ്പെടുന്നതായിരിക്കും. വിവിധ ഇനം നികുതി പിരിവ് അവലോകനം ചെയ്യുന്നതിനും വിവിധ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനെപ്പറ്റിയും സര്‍ക്കാരിനെ ഉപദേശിക്കുന്നതിനും ഈ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.
മൂല്യവര്‍ദ്ധിത നികുതിയില്‍ ഓരോ സാധനങ്ങളുടെയും ആദ്യഘട്ടത്തിലെ വിലയും പിന്നീടുള്ള ഓരോ ഘട്ടങ്ങളിലെ വിലയും പരിശോധിക്കാനുള്ള സംവിധാനം ഇപ്പോള്‍ നിലവിലില്ല. കമ്പോളത്തില്‍ ക്രയവിക്രയം ചെയ്യുന്ന എല്ലാ സാധനങ്ങളുടെയും വില്പ്പനക്കണ്ണിയില് ഈടാക്കുന്ന വിലനിലവാരം സംബന്ധിച്ചുള്ള വിവര ശേഖരം ഉണ്ടാക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഇതിനായാണ് വിലനിര്‍ണ്ണയ നിരീക്ഷണസമിതി ആരംഭിക്കുന്നത്. പുതുതായി നടപ്പാക്കാന്‍ പോകുന്ന ഉത്പന്ന സേവന നികുതി സമ്പ്രദായത്തില്‍ ഇത്തരത്തിലുള്ള സംവിധാനത്തിന് വളരെ പ്രസക്തിയുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
ധനമന്ത്രിക്ക് പുതിയ വെബസൈറ്റും പരാതികള്‍ പരിഹരിക്കാന്‍ കോള്‍സെന്ററും സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ംംം.സലൃമഹമളാ.ഴീ്.ശി എന്നതാണ് വെബ്സൈറ്റ്. സംസ്ഥാനത്തെ ഏതു നികുതി ദായകനും വ്യാപാരിവ്യവസായി,കര്‍ഷക സംഘടനയ്ക്കും അവരുടെ പരാതികള്‍ ഇതിലൂടെ സമര്‍പ്പിക്കാവുന്നതാണ്. സമയബന്ധിതമായി അവ പരിഹരിക്കുന്നതിന് സംവിധാനമുണ്ടാക്കുമെന്ന് മാണി പറഞ്ഞു. പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം നടപ്പിലാക്കും. അത്തരത്തില്‍ തീര്‍പ്പാകാത്ത പരാതികള്‍ ധനമന്ത്രി നേരിട്ട് അവലോകനം ചെയ്യും. ഇതു വഴി പരാതികള്‍ പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
വാറ്റ് നിയമപ്രകാരം വ്യാപാരി സമര്‍പ്പിക്കുന്ന റിട്ടേണ്‍, ഉള്ളടക്കങ്ങള്‍ എന്നിവയുടെ സ്ക്രൂട്ടിനിക്ക് നിര്‍ണ്ണയാധികാര സമിതിയുടെ സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കും. ഇപ്പോള്‍ നടക്കുന്ന കമ്പ്യൂട്ടര്‍ മുഖേനെയുള്ള സ്ക്രൂട്ടിനി അല്ലാതെ വിശാലമായ അര്‍ത്ഥത്തില്‍ പരിശോധന ഫലപ്രദമായാലെ അതില്‍ നിന്നും അസസ്മെന്റുകള്‍ നടപ്പിലാക്കി അധിക നികുതി വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കൂഎന്ന് ധനമന്ത്രി പറഞ്ഞു. പ്രത്യേകമായ ഓഡിറ്റ് അസസ്മെന്റ് വിഭാഗം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നിര്ണ്ണയാധികാരിയില് നിന്നും വേറിട്ടൊരു അധികാരി സ്ക്രൂട്ടിനി ചെയ്യുന്ന സാഹചര്യം ഇല്ലാതായി. ഇത് പരിഹരിക്കുന്നതിനാണ് നിര്‍ണ്ണയാധികാര സമിതിയുടെ സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കുന്നത്.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ പ്രോഹത്സാഹിപ്പിക്കുന്നതിന് വ്യാപാരികള്‍ക്ക് ‘വിശ്വസ്തതാരം’ സര്ട്ടിഫിക്കേഷന് നല്കുന്ന പദ്ധതി ആവിഷ്കരിക്കും. ഇത് അവര്‍ക്ക് അവരുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലും പ്രസിദ്ധപ്പെടുത്താവുന്നതാണ്.
നല്ല രീതിയില്‍ വ്യാപാരം നടത്തുന്ന പലരും മൂല്യവര്ദ്ധിക നികുതി പ്രകാരം രജിസ്ട്രേഷന് എടുക്കാതെയും കണക്കെഴുതി സൂക്ഷിക്കാതെയും നികുതിവലയില്‍ നിന്നും ഒഴിവാകുന്നതായി മന്ത്രി പറഞ്ഞു. അത്തരക്കാരെ നികുതിദായകരില്‍ ഉള്‍പ്പെടുത്തുവാന്‍ ഈ വര്‍ഷം രജിസ്ട്രേഷന് യജ്ഞം നടത്തുമെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു. എല്ലാ രജിസ്റ്റേര്‍ഡ് വ്യാപാരികളും അവരവരുടെ രജിസ്ട്രേഷന് നമ്പരും പേരും എല്ലാവര്ക്കും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ഇത് പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ സ്ട്രീറ്റ് സര്‍വ്വെ നടത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
മദ്യത്തിന് സാമൂഹ്യ സുരക്ഷാസെസ് വര്‍ദ്ധിപ്പിച്ചതോടെ മദ്യത്തിന്റെ വില ഉയരും. വിദേശ മദ്യത്തിന്റെ ആദ്യ വില്പനയില് നിലവിലുള്ള ഒരു ശതമാനം സാമൂഹ്യ സുരക്ഷാ സെസ് ആറുശതമാനമായി ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ സംസ്ഥാനത്തിന് 135 കോടിരൂപയുടെ അധിക വരുമാനമാണ് ഉണ്ടാകുക.
കേരള സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് 2004ല്‍ നഷ്ടത്തിലായിരുന്നപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് അനുവദിച്ച അഞ്ചു ശതമാനം സര്‍ചാര്‍ജ്ജ് ഇളവും എടുത്തുകളഞ്ഞു. ഇതും മദ്യത്തിന്റെ വിലഉയരുന്നതിന് ഇടയാക്കും. ഇപ്പോള്‍ കോര്പ്പറേഷന് ലാഭത്തിലാണെന്നതു പരിഗണിച്ചാണ് പിന്‍വലിച്ച മുന്‍നിരക്കായ പത്തുശതമാനം പുനസ്ഥാപിക്കുന്നത്. ഇതില്‍ നിന്നും 192 കോടിരൂപ അധിക വരുമാനമുണ്ടാകും. വര്‍ദ്ധിച്ചു വരുന്ന മദ്യത്തിന്റെ ഉപഭോഗം ആശങ്കയുണര്‍ത്തുന്നതായി കെ.എം.മാണി പറഞ്ഞു. മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനാണ് അധിക സെസ് ഏര്‍പ്പെടുത്തുന്നത്.
20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബരക്കാറുകള്‍ക്കും സെസ് ഏര്‍പ്പെടുത്തി. ആഡംബര സെസ് എന്ന പേരില്‍ നികുതിയിന്മേല് രണ്ടു ശതമാനം നിരക്കിലായിരിക്കും ഇതു വസൂലാക്കുന്നത്. ആര്‍ഭാട ചെലവും പാഴ്ചെലവും നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സെസ് പിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
നാലായിരം ചതുരശ്ര അടിയോ അതില്‍ കൂടുതലോ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് ബില്‍ഡിംഗ് ടാക്സിനു പുറമേ രണ്ടു ശതമാനം സെസ് അധികമായി പിരിക്കും. ഇതില്‍ നിന്ന് അഞ്ചുകോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്തിനുണ്ടാകുമെന്നാണ് കരുതുന്നത്. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ഏറ്റെടുക്കുന്ന പാര്‍പ്പിട പദ്ധതിക്ക് ഈ തുക വിനിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പാന്‍പരാഗ് പോലുള്ള ചവയ്ക്കുന്ന പുകയില ഉല്പന്നങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധന ഉണ്ടാകും. ഇത്തരം ഉത്പന്നങ്ങളില്‍ മേലുള്ള നികുതി നിരക്ക് ഇരുപതു ശതമാനമായി ഉയര്‍ത്തി. അഞ്ചുകോടി രൂപയാണ് ഈ വകയില്‍ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ചവയ്ക്കുന്ന പുകയില ഉല്പന്നങ്ങളുടെ ഉപയോഗം യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നത് വന്‍തോതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനാണ് അധിക നികുതി ഏര്‍പ്പെടുത്തുന്നത്.
കുടുംബ സംബന്ധമായ പ്രമാണ രജിസ്ട്രേഷന് സംസ്ഥാന ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവു പ്രഖ്യാപിച്ചു. അത്തരം പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ആയിരം രൂപ മാത്രം നല്കിയാല് മതിയാകുമെന്ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഒരു കുടംബത്തില്‍ അച്ഛനോ അമ്മയോ തങ്ങളുടെ മക്കള്‍ക്കോ അവരുടെ മക്കള്‍ക്കോ നല്കുന്ന ആധാരങ്ങള്‍, അപ്രകാരം അവര്‍ നടത്തുന്ന ധനനിശ്ചയാധാരങ്ങള്‍, കുടുംബങ്ങള്‍ തമ്മില്‍ നടത്തുന്ന ഭാഗ ഉടമ്പടികള്‍ എന്നിവയിമേല് ഉയര്‍ന്ന നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാലാണ് അതു കുറയ്ക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഈ ഗണത്തില്‍ പെടുന്ന ഏതൊരു പ്രമാണ രജിസ്ട്രേഷനും ആയിരം രൂപ സ്റ്റാമ്പ് ഡ്യൂട്ടി നല്കിയാല് മതി.
പാല് കറക്കുന്ന യന്ത്രം, തെങ്ങുകയറ്റ യന്ത്രങ്ങള്‍, എല്ലാത്തരം ജൈവ കീടനാശിനികള്‍ എന്നിവയെ നികുതി മുക്തമാക്കിയിട്ടുണ്ട്. 20 ലക്ഷം രൂപയില്‍താഴെ വിറ്റുവരവുള്ള വ്യാപാരികള്‍ ഒരു വര്‍ഷം 3000 രൂപ ഇപ്പോള്‍ നികുതിയായി അടയ്ക്കേണ്ടതുണ്ട്. ലളിതവല്‍ക്കരിക്കപ്പെട്ട അനുമാന നികുതി സമ്പ്രദായമനുസരിച്ചാണിത്. അത് 2000 രൂപയായി കുറച്ചു.
അനുമാനനികുതിദായകരുടെ വിറ്റുവരവു പരിധി 60 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 50 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ളതും രജിസ്ട്രേഷനുള്ള പ്രാദേശിക വ്യാപാരികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതുമായ വ്യാപാരികള്‍ക്ക് മൂല്യവര്‍ദ്ധിത നികുതി വിധേയമായ ചരക്കുകളുടെ വിറ്റുവരവിന്മേല് അര ശതമാനം നിരക്കില്‍ അനുമാന നികുതി അടയ്ക്കുവാന്‍ അനുവാദമുണ്ട്. ആദായനികുതി നിയമം, മൂല്യവര്‍ദ്ധിത നികുതി നിയമം എന്നിവ പ്രകാരം വാര്‍ഷിക വിറ്റുവരവ് 60 ലക്ഷത്തില്‍ താഴെയുള്ളവര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഓഡിറ്റ് ചെയ്ത് സ്റ്റേറ്റ്മെന്റുകള്‍ ഫയല്‍ ചെയ്യേണ്ടതില്ല. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് വിറ്റുവരവുപരിധി ഉയര്‍ത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: