ഭൂപരിഷ്കരണ നിയമത്തിന്മേല് കൈവയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചു എന്നതിന്റെ സൂചനയാണ് ബജറ്റ് നല്‍കുന്നത്. തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി ടൂറിസം വികസനത്തിനുമാറ്റാന്‍ അനുവദിക്കുമെന്നാണ് ബജറ്റ് പറയുന്നത്. തോട്ടങ്ങള്‍ എന്ന നിലയില്‍ ഭൂപരിധിയില്‍നിന്നും ഇളവ് ലഭിച്ചത് ദുരുപയോഗിക്കാനാണ് നിര്‍ദ്ദേശം. തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നതും തരം മാറ്റുന്നതും ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമാണ്. ഭൂപരിഷ്കരണനിയമത്തില് വെള്ളം ചേര്‍ക്കാന്‍ മാണി മന്ത്രിയായിരുന്നപ്പോള്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്.
യുഡിഎഫിന്റെ പശ്ചിമബംഗാളിലെ പതിപ്പായ അവിടുത്തെ തൃണമൂല്‍ഭരണം ഭൂപരിഷ്കരണം തകര്‍ക്കാന്‍ ജന്മിമാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. ആയിരക്കണക്കിന് കൈവശ കൃഷിക്കാരില്‍നിന്ന് ജന്മിമാര് ഭരണക്കാരുടെ സഹായത്തോടെ ഭൂമി പിടിച്ചെടുത്തുകഴിഞ്ഞു. കേരളത്തില്‍ അതിന് കഴിയില്ല. എന്നാല്‍ ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് ഭൂപരിഷ്കരണം അട്ടിമറിക്കാനാണ് ശ്രമം. ഇത് അംഗീകരിച്ചുകൊടുക്കാനാവില്ല.
കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ചത്. മുന്‍സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പുതിയതെന്ന രൂപത്തില്‍ അവതരിപ്പിക്കുകയാണ്. ഇത്തരത്തിലൊരു വ്യായാമത്തിന്റെ ആവശ്യമുണ്ടായിരുന്നോ?
വികസനത്തിന്റെ കാര്യത്തില്‍ ആവശ്യമായ സന്തുലനം തകര്‍ക്കുന്ന ബജറ്റാണിത്. ശരിയായ ആസൂത്രണവീക്ഷണത്തോടെയുള്ള ബജറ്റല്ല.
കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറി കാലിയല്ലെന്ന് സമ്മതിച്ചത് നല്ലകാര്യമാണ്്. 1963 കോടിരൂപ കഴിഞ്ഞസര്‍ക്കാര്‍ കൊടുത്തുതീര്ക്കാനുണ്ടായിരുന്നുവെന്നാണ് പറയുന്നത്. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ കൊടുക്കേണ്ട തുക മുന്‍കൂര്‍ കൊടുത്തുതീര്ക്കണമെന്നാണോ മാണി പറയുന്നത്.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത് ഇരുപത് ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.സംസ്ഥാനസര്‍ക്കാരിന്റെ കണക്ക് പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ മുപ്പത് ലക്ഷത്തില്‍ പരമാണ്. അവര്‍ക്ക് മുഴുവന്‍ ഒരു രൂപ നിരക്കില്‍ അരിനല്‍കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. ബജറ്റില്‍ അത് 20 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ശേഷിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ട് രൂപ നിരക്കില്‍ അരി നല്‍കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഏപ്രില്‍ ഒന്നിന് ശേഷം ജനിക്കുന്ന ഓരോശിശുവിന്റെയും പേരില്‍ പതിനായിരം രൂപ സ്ഥിരനിക്ഷേപം നടത്തുമെന്ന കഴിഞ്ഞസര്‍ക്കാരിന്റെ നിര്‍ദ്ദേശം ഈ ബജറ്റില്‍ ഒഴിവാക്കിയിരിക്കുന്നു. സാമൂഹ്യസുരക്ഷാരംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്നോട്ടുപോക്കിന്റെ തെളിവാണിത്. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല.
വി.എസ്. അച്യൂതാനന്ദന് (തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: