കാഞ്ഞങ്ങാട്: ചക്കര (കരിപ്പെട്ടി) മധുര വില്‍പ്പനയുമായി ബേബിയിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം മധുരം നല്‍കാന്‍ ബേബി കാസര്‍കോട്ടെയും, കാഞ്ഞങ്ങാട്ടെയും ഓരോ ഓഫീസുകളിലും, വീടുകളിലും കയറിയിറങ്ങുകയാണ്. കരിമ്പനയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കള്ള് കുറുക്കിയെടുത്താണ് ഔഷധ വീര്യമുള്ള കരിപ്പെട്ടി മഴക്കാലരോഗങ്ങള്‍ക്ക് മുക്തിമാര്‍ഗമായി ബേബി പ്രചരിപ്പിക്കുന്നത്. മംഗലാപുരം ബന്തര്‍ ടൗണില്‍ നിന്നുമാണ് കാസര്‍കോടന്‍ ഭാഗങ്ങളിലേക്ക് ബേബി എന്ന അറുപത്തിയഞ്ചുകാരന്‍ ചക്കരയുമായി എത്തുന്നത്. കാസര്‍കോട്ടെ ഓഫീസുകളിലെല്ലാം സുപരിചിതനായ ബേബിയുടെ ചക്കരക്ക് ആവശ്യക്കാരേറെ, സഞ്ചിക്കകത്ത് കരുതിയ ഒരു ഓലക്കെട്ടില്‍ 24 ചക്കരകളുണ്ടാകും. ഒരു ഓലക്കെട്ട് ചക്കര വാങ്ങുന്നവര്‍ക്ക് ഒരു ചക്കര സൗജന്യം. ഒരു ചക്കരക്ക് 10 രൂപയാണ് ഈടാക്കുന്നത്. ഓഫീസുകളില്‍ ജോലിക്കിടയില്‍ മടുപ്പ് മാറ്റാന്‍ ഒരു ചക്കര നുണഞ്ഞാല്‍ മതിയെന്ന് ബേബി. മഴ വന്നതോടെ പലര്‍ക്കും തൊണ്ടയടപ്പും, ജലദോഷവുമാണ്. നീരുദോഷത്തിന് നല്ലാതാണ് ചക്കരയെന്ന് ബേബിയുടെ സാക്ഷ്യം. കൊച്ചുകുട്ടികള്‍ക്കും ചക്കര ഏറെ ഗുണപ്രദം. ചക്കര പശുവിന്‍ നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളുടെ നീര്‍ക്കെട്ടിന് ശമനമുണ്ടാകും. നല്ല ജീരകം, കരിപ്പട്ട എന്നിവ ചേര്‍ത്താണ് ചക്കരയുണ്ടാക്കുന്നത്. പനങ്കള്ള് കുറിക്കി പാവ് കാച്ചിയെടുത്ത് കരിപ്പട്ടയും മറ്റു ചേരുവകളും ചേര്‍ത്താണ് ചക്കരയുണ്ടാക്കുന്നത്. പുല്‍പായ വിരിച്ച് അതില്‍ പനയോല വളയം വെച്ച് കുറുക്കിയ മാവ് അതില്‍ ഒഴിച്ചാണ് ചക്കര തയ്യാറാക്കുന്നത്. നാട്ടില്‍ തെങ്ങിന്‍ ചക്കരയും പനം ചക്കരയും കിട്ടണമെങ്കില്‍ ചന്തയിലേക്കാണ് പഴയകാലത്ത് ആളുകള്‍ പോയിരുന്നത്. എന്നാല്‍ ഇന്നുള്ള ചന്തയിലൊന്നും ചക്കര കിട്ടാനില്ല. മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും ചക്കര കിട്ടാതെ അവസ്ഥയും ബേബിയുടെ ചക്കരക്ക് പ്രിയമേറുന്നുണ്ട്. പാണത്തൂരില്‍ താമസിക്കുന്ന പി.എഫ്.ബേബിയുടെ പ്രധാന ഉപജീവനം ഇപ്പോള്‍ ചക്കര വില്‍പ്പന തന്നെ. നേരത്തെ റബ്ബര്‍ ടാപ്പിംഗ് തൊഴിലായായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: