തൃപ്രയാര്‍: ജില്ലയില്‍ കഞ്ചാവ് മൊത്തവിതരണം നടത്തുന്നവരും കൊലക്കേസുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളുമായ മൂന്നംഗസംഘത്തെ വലപ്പാട് പൊലീസ് പിടികൂടി. ഇന്നുരാവിലെ തൃപ്രയാറിലെ ബാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 750 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പുത്തന്‍വീട്ടില്‍ രാമദാസ് എന്ന കട്ടികടിയന്(30), കുരുവിലശേരി കാട്ടിക്കുളം അജിത്(21), നാട്ടിക ബീച്ച് കരിപ്പായി രമേഷ്(28) എന്നിവരാണ് പിടിയിലായത്. 2009ല്‍ ഗുണ്ടാ ആക്ട് പ്രകാരം ഒല്ലൂര്‍ പൊലീസ് രാമദാസിനെ അറസ്റ്റ് ചെയ്തിരുന്നു.
ചെര്‍പ്പുളശേരി, മണ്ണുത്തി, നെടുപുഴ, പീച്ചി, തൃശൂര്‍ വെസ്റ്റ്, ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ കൊലപാതകമുള്‍പ്പെടെ 19 ഓളം കേസുകള്‍ നിലവിലുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ വിദ്യാര്‍ത്ഥിയാണ് അജിത്. ഇയാള്‍ കോളജ് പരിസരത്ത് കഞ്ചാവ് വിതരണം നടത്തുന്നതായി പൊലീസ് പറഞ്ഞു. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നയാളാണ് രമേഷ്.
സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വലപ്പാട് സിഐ രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ എസ്ഐ കെ.എസ്.സന്ദീപടക്കമുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: