തലശ്ശേരി: സൈതാര്‍ പള്ളിക്കടുത്ത വീട്ടുപറമ്പില്‍ നിന്ന് ഉഗ്രശേഷിയുള്ള 10 ബോംബുകള്‍ തലശ്ശേരി പോലീസ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് ഇ.വി.ഖാലിദിന്റെ ‘അസ്ഫാന’ എന്ന വീടിന്റെ പറമ്പില്‍ നിന്ന് പ്ലാസ്റ്റിക് കാനില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കാണപ്പെട്ടത്. വാഴക്ക് കുഴിയെടുക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ പ്ലാസ്റ്റിക് കാന്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ വീട്ടുടമസ്ഥനായ ഖാലിദ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി പുന്നോലില്‍ ഉഗ്രശേഷിയുള്ള 8 ബോംബുകള്‍ കണ്ടെടുത്തിരുന്നു. പുന്നോലിലെ ആള്‍താമസമില്ലാത്ത റഹീമ മന്‍സിലിന്റെ ടെറസില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ഈ പ്രദേശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രങ്ങളാണ്. പിടികൂടിയ ബോംബുകള്‍ എല്ലാം ഒരേതരത്തിലുള്ളവയാണ്.
ബോംബുകള്‍ കണ്ടെടുത്തെന്ന വാര്‍ത്ത വരുന്നതോടെ പോലീസിന്റെ നടപടികള്‍ അവസാനിക്കുന്നതായാണ് കണ്ടുവരുന്നത്. സംഭവങ്ങളിലെ പ്രതികളെ കണ്ടെത്താനോ വ്യാപകമായി റെയ്ഡ് നടത്തി ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനോ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളുമുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: