തൃശൂര്‍ : അക്കാദമികളുടേയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടേയും പുനഃസംഘടന വൈകുന്നു. സ്ഥാനമാനങ്ങളെച്ചൊല്ലി യുഡിഎഫിലെ തര്‍ക്കങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും പുതിയ ഭരണസമിതികളെ അധികാരമേല്പ്പിക്കുന്നതിന് പിന്നിലുള്ളതെന്ന് പറയുന്നു. സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയും ഭരണസമിതികള്‍ രാജിവെച്ചിരുന്നു. ഇതോടൊപ്പം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭരണസമിതിയും രാജിവെച്ചു.
സാഹിത്യ അക്കാദമിയില്‍ സെക്രട്ടറിയെ നിയമിച്ചെങ്കിലും പ്രസിഡണ്ടടക്കമുള്ളവരെ നോമിനേറ്റ് ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. നിരവധി പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് സാഹിത്യ അക്കാദമിയുടെ ഭരണസമിതി പുനഃസംഘടന വൈകുന്നത്. ഒടുവില്‍ പെരുമ്പടവം ശ്രീധരന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും കെ.എല്‍.മോഹനവര്‍മ്മ, മോഹനചന്ദ്രന് വടക്കേടത്ത്, പി.വി.കൃഷ്ണന്‍നായര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
നേരത്തെ ഡോ.എം.ലീലാവതിയെ പ്രസിഡണ്ടാക്കാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വിശിഷ്ടാംഗത്വം ഉള്ളതിനാല്‍ അതിന് കഴിയില്ലെന്നുവന്നതോടെ എം.അച്ചുതന്റെ പേരും ഉയര്‍ന്നുകേട്ടു. പക്ഷെ അനാരോഗ്യം മൂലം താന്‍ ആസ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് അറിവ്. സംഗീത നാടക അക്കാദമിയില്‍ മുകേഷ് ചെയര്‍മാനായ ഭരണസമിതി കഴിഞ്ഞ മാസം 27ന് രാജിവെച്ചിരുന്നു. ഇവിടേയും തര്‍ക്കം മൂലം ഭരണസമിതികളെ പ്രഖ്യാപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനുവേണ്ടി പ്രചരണത്തിനിറങ്ങിയ നടന് ജഗദീഷ്, ദേശീയ അവാര്‍ഡ് ജേതാവ് സലിംകുമാര്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ടെന്നറിയുന്നു. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ പുനഃസംഘടനയും വൈകുകയാണ്. കഴിഞ്ഞദിവസം ഗുരുവായൂരിലെത്തിയ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയായിട്ടില്ല. ഘടകകക്ഷികള്‍ ചെയര്‍മാന്‍സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: