ന്യൂദല്‍ഹി: സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി.ദിനകരനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രാജ്യസഭ നിയോഗിച്ച ഇംപീച്ച്മെന്റ് സമിതിയുടെ നടപടികളെ ചോദ്യം ചെയ്ത് ജസ്റ്റിസ് ദിനകരന് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി.എസ്.സിംഗ്വി അധ്യക്ഷനായ ബെഞ്ച് ഇംപീച്ച്മെന്റ് നടപടികള്‍ തുടരാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമിതിയില്‍നിന്ന് മുതിര്‍ന്ന അഭിഭാഷകന് പി.പി.റാവുവിനെ നീക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. റാവുവിനെ ഒഴിവാക്കി മറ്റൊരു നിയമജ്ഞനെ ഉള്‍പ്പെടുത്തി ഇംപീച്ച്മെന്റ് സമിതി പുനഃസംഘടിപ്പിക്കാന്‍ രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ഹമീദ് അന്‍സാരിയോട് കോടതി ആവശ്യപ്പെട്ടു. ദിനകരനെതിരെ ഇംപീച്ച്മെന്റ് സമിതി ചുമത്തിയ കുറ്റങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഫ്താബ് അലം, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍, അഭിഭാഷകനായ പി.പി.റാവു എന്നിവരാണ് ഇംപീച്ച്മെന്റ് സമിതി അംഗങ്ങള്‍.
തനിക്കെതിരെ ദുരുദ്ദേശ്യപരമായി റാവു പെരുമാറുന്നതായി പി.ഡി.ദിനകരന് സുപ്രീംകോടതിയില്‍ പരാതിപ്പെട്ടതിനാലാണ് കോടതി ഇംപീച്ച്മെന്റ് സമിതിയില്‍നിന്ന് റാവുവിനെ നീക്കിയത്. ദിനകരന്റെ പരാതിയെത്തുടര്‍ന്ന് ഏപ്രില്‍ 29 ന് ഇംപീച്ച്മെന്റ് നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പുറമേ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നതും സ്വതന്ത്ര തെളിവെടുപ്പ് നടത്തുന്നതും ഇംപീച്ച്മെന്റ് സമിതിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണെന്നായിരുന്ന ദിനകരന്റെ പ്രധാന ആരോപണം. ഈ സമിതിയിലെ റാവുവിന്റെ അംഗത്വം നിഷ്പക്ഷ നടപടിക്രമങ്ങള്‍ക്ക് തടസമാണെന്നും ജ. ദിനകരന് ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. 2009 നവംബറില്‍ ദിനകരനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ റാവു പങ്കെടുത്തു. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെ സന്ദര്‍ശിച്ച് ജ. ദിനകരനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട പ്രതിനിധി സംഘത്തില്‍ പി.പി.റാവുവും ഉണ്ടായിരുന്നതായി ദിനകരനുവേണ്ടി മുന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര സരണ്‍ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ സരണ്‍ ഉന്നയിച്ച വാദം തള്ളിയ കോടതി സമിതിക്ക് അന്വേഷണാധികാരങ്ങളും അധികകുറ്റം ചുമത്താനുള്ള അധികാരങ്ങളും ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു പരാതി ലഭിച്ചാല്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ പരിശോധന സ്വീകരിക്കാതെ പരാതിക്കാരനില്‍ സംശയം നിലനില്‍ക്കുന്നുവെന്ന് നിലപാട് സ്വീകരിക്കുന്നത് ന്യായമാണോ എന്നും ബെഞ്ച് ചോദിച്ചു. നീതിന്യായ രംഗത്ത് ശിക്ഷണം ലഭിച്ച മനസ്സുകളാണത്. വ്യാജമായി ചമച്ച രേഖകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിവുണ്ട്. ഒരര്‍ത്ഥത്തില്‍ വാസ്തവവിരുദ്ധമായ ആരോപണങ്ങളില്‍നിന്ന് ജഡ്ജിക്ക് ലഭിക്കുന്ന സംരക്ഷണമാണ് ഇംപീച്ച്മെന്റ് നടപടിയെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: