തലയോലപ്പറമ്പ് : സര്‍ഗ്ഗവാസനയും, മൗലികതയും, കഥാപാത്രങ്ങളുടെ ഭാവദീപ്തിയും വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ മാത്രം പ്രത്യേകതയാണെന്ന് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പൗത്രിയും പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം. സരിതാ വര്‍മ്മ അഭിപ്രായപ്പെട്ടു. 17-ാമത് ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മലയാളികളെ വായിക്കാന്‍ പഠിപ്പിച്ചത് ബഷീറാണ്. ആഖ്യാനത്തിന്റെ രസനീയതയാണ് ബഷീര്‍കൃതികളെ വ്യത്യസ്തമാക്കുന്നത്. ബഷീറിന്റെ നര്‍മ്മബോധവും എടുത്തുപറയേണ്ടതാണ്.
പുരോഗമനകാഴ്ചപ്പാടു കാത്തുസൂക്ഷിച്ച എഴുത്തുകാരനായിരുന്നു ബഷീര്‍. ലളിതാംബിക അന്തര്‍ജ്ജനവും ബഷീറും തമ്മിലുള്ള ഊഷ്മളമായ ബന്ധവും സരിതാവര്‍മ്മ പരാമര്‍ശിച്ചു. ബഷീര്‍സ്മാരകസമിതി, ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബഷീറിന്റെ പ്രാഥമിക വിദ്യാലയമായ തലയോലപ്പറമ്പ് ഗവ. യു.പി സ്കൂളിലാണ് ചടങ്ങ് നടന്നത്. ബഷീര്‍ സ്മാരകസമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സീനിയര്‍ പത്രപ്രവര്‍ത്തകനായ പോള്‍ മണലില്‍ രചിച്ച ‘ബഷീര്‍ അനുഭവങ്ങള്‍’ എന്ന പുസ്തകം ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ പ്രകാശനം ചെയ്തു.
പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ സണ്ണിചെറിയാന്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. ടോമി കല്ലാനി വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം നടത്തി. എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച യു.ഷംലയെ ചടങ്ങില്‍ ആദരിച്ചു. ഗാന്ധിയനും അധ്യാപകനുമായിരുന്ന വൈക്കം ജി.എന്‍ പണിക്കര്‍ അനുസ്മരണം അബ്ദുള്‍ ആപ്പാഞ്ചിറ നടത്തി.
ബഷീര്‍ സ്മാരകസമിതി സെക്രട്ടറി പി.ജി ഷാജിമോന്‍, അബൂബേക്കര്‍, ഡോ. യു. ഷംല, സണ്ണിചെറിയാന്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ കെ.ഒ സൂര്യനാരായണന്‍, പാത്തുമ്മയുടെ മകള്‍ ഖദീജ, പി.എ ഷാജി, പ്രൊഫ. ടി.ഡി മാത്യു, ഇ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ചിത്രങ്ങുടെ പ്രദര്‍ശനം പുസ്തക പ്രദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: