തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുന്ന രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, മദ്യപാനം, ആത്മഹത്യ, പെണ്‍വാണിഭം തുടങ്ങിയ തിന്മകള്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.
അച്ചടി, ദൃശ്യ, ചെറുകിട മാധ്യമപ്രതിനിധികളുമായി പ്രത്യേകം നടത്തിയ ചര്‍ച്ചകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവ്യവസ്ഥയില്‍ വലിയ സ്ഥാനമാണ് മാധ്യമങ്ങള്‍ക്കുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടുന്നതും പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതും ഒരേ രിതീയിലാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അവ തിരുത്തുന്നത് ദുരഭിമാനമായി കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെ വേഗം കാര്യങ്ങള്‍ തീരുമാനിക്കുന്ന ശൈലിയാണ് സര്‍ക്കാരിന്റേത്. അത്തരത്തില്‍ നൂറ് കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ പത്ത് തീരുമാനങ്ങള്‍ തെറ്റിയേക്കാം. അവ ചൂണ്ടിക്കാട്ടേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. പോലീസ് – മീഡിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉടനെ രൂപീകരിക്കും. ഇതില്‍ ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. പത്രങ്ങളുടെ പരസ്യ കാര്‍ഡ് നിരക്ക് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിച്ച് പദ്ധതി തയ്യാറാക്കും. സര്‍ക്കാരിന്റെ ടെണ്ടര്‍ പരസ്യം പഴയ രീതിയിലാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വി.കെ.നാരായണന് കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് എല്ലാ മാധ്യമങ്ങളുടെയും അഭിപ്രായം തേടിയശേഷം നടപ്പാക്കാന്‍ പറ്റുന്ന ശുപാര്‍ശകള്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കണം. കരാര്‍ ജോലിക്കാരായ പത്രപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് നല്കുന്ന കാര്യം ചര്‍ച്ച ചെയ്യും. പ്രസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരും. നിയമസഭാ റിപ്പോര്‍ട്ടിങിനു കൂടുതല്‍ പാസ് നല്‍കണമെന്ന ആവശ്യം സ്പീക്കറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വി.ഐ.പി.കളുടെ പരിപാടികളുടെ പി.ആര്.ഡി. ക്ളിപ്പ് ഫയല്‍ മീഡിയയ്ക്ക് ലഭ്യമാക്കും. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുകയും മാധ്യമങ്ങളുടെ സഹകരണം തേടുകയും ചെയ്യും. പരസ്യകുടിശ്ശിക തീര്‍ക്കാന്‍ നടപടി ഉണ്ടാകും. ചെറുകിട പത്രങ്ങളുടെ 50% കുടിശിക ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തീര്‍ക്കും. പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയില്‍ ചെറുകിട പത്രങ്ങളുടെ പ്രതിനിധികളെയും പരിഗണിക്കും.
പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ആലോചിച്ചു തീരുമാനിക്കും. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് മന്ത്രി കെ.സി.ജോസഫ്, സെക്രട്ടറി കെ.ജെ.മാത്യു, ഡയറക്ടര്‍ എം.നന്ദകുമാര്‍, അച്ചടി ദൃശ്യമാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: