ലോക്പാല്‍ ബില്‍ സമീപത്തൊന്നും യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകാണുന്നില്ല. ശക്തമായ അഴിമതിവിരുദ്ധ നിയമം വേണമെന്ന ആവശ്യം അംഗീകരിക്കുമ്പോഴും അതിലെ വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള ഭിന്നതകള്‍ ഭരണകക്ഷിയായ യുപിഎക്കുള്ളിലും പുറത്തും നിലനില്ക്കുന്നു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമവായം രൂപപ്പെട്ടില്ല. ബില്ലിലെ ഒരു വ്യവസ്ഥ പാര്‍ലമെന്റിന്റെ പരമാധികാരത്തിന് ലോക്പാല്‍ ഒരു വെല്ലുവിളിയാകരുത് എന്നതായിരുന്നു. ഇന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് ബന്ധം ശക്തമായിരിക്കെ ഇവക്കിടയിലുള്ള അഴിമതി തടയാന്‍ ഒരു സംവിധാനം രൂപപ്പെടുത്തുമ്പോള്‍ അത് പാര്‍ലമെന്റ് സംവിധാനത്തിനുള്ളില്‍ ഒതുങ്ങുന്നതാകണം എന്നതായിരുന്നു പൊതുവായി ഉയര്‍ന്ന നിലപാട്. പാര്‍ലമെന്റിന്റെ അധികാരാവകാശങ്ങളില്‍ കൈകടത്തുന്നത് അനുവദനീയമായി ആരും അംഗീകരിച്ചില്ല. ലോക്പാല്‍ പാര്‍ലമെന്റിനെ ശക്തിപ്പെടുത്തുകയാണ്, ദുര്‍ബലപ്പെടുത്തുകയല്ല ചെയ്യേണ്ടത് എന്ന ശക്തമായ അഭിപ്രായമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.
ഇന്ത്യന്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയായാണ് കണക്കാക്കപ്പെടുന്നത്. ഈ സംവിധാനത്തില്‍ പരിശോധനകള്‍ക്ക് വ്യവസ്ഥകള്‍ നിലവിലുണ്ട്. പക്ഷേ ഇതിനൊന്നും യുപിഎ ഭരണകാലത്തുണ്ടായ ഭീമമായ അഴിമതികള്‍ തടയാന്‍ സാധിച്ചില്ല. യുപിഎയിലെ ടെലികോം മന്ത്രി എ.രാജയും എംപിമാരായ സുരേഷ് കല്‍മാഡിയും ഡിഎംകെ എംപി കനിമൊഴിയും ജയിലിലായത് തന്നെ ഇന്ന് അരങ്ങേറുന്ന ഉന്നതതലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്ക് അടിവരയിടുന്നു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുന്നതിനോട് രാഷ്ട്രീയ കക്ഷികള്‍ വിയോജിച്ചപ്പോള്‍ അണ്ണാ ഹസാരെ നടത്തിയ രാഷ്ട്രീയ പിന്തുണ സമാഹരണ ശ്രമം പരാജയപ്പെട്ടുവെന്ന് തെളിയുകയാണ്. നിഷ്പക്ഷമായ ലോക്പാല്‍ ബില്‍ ബിജെപിയും പിന്തുണച്ചപ്പോഴും ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷം മാത്രം ചര്‍ച്ച എന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു.
ലോക്പാല്‍ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, അധികാരപരിധി മുതലായവയും സര്‍വകക്ഷി സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി. സര്‍ക്കാര്‍ പതിനൊന്നംഗ പാനലില്‍ രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ആവശ്യപ്പെട്ടത് സിഎജി, ചീഫ് ഇലക്ഷന് കമ്മീഷണര്‍, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജി മുതലായവരെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു. പാര്‍ലമെന്റംഗങ്ങളെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവന്നാല്‍ അത് ഭരണഘടന ഉറപ്പുവരുത്തുന്ന പരിരക്ഷ നഷ്ടമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ കരട് പ്രകാരവും ഭാഗിക ജുഡീഷ്യല്‍ അധികാരം ലോക്പാലിന് ലഭിക്കും. പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കുന്നത് സ്വന്തം നിലയില്‍ രൂപപ്പെടുത്തിയ ബില്‍ ആയിരിക്കണമെന്നാണ്. ലോക്പാല്‍ സംവിധാനത്തിന്റെ അധികാരപരിധി, തെരഞ്ഞെടുപ്പ് പ്രക്രിയ, പുറത്താക്കല്‍ മുതലായ കാര്യങ്ങളില്‍ അണ്ണാ ഹസാരെയുടെ ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സ്വീകാര്യമല്ല.
ഭരണഘടനയ്ക്കുള്ളില്‍ ലോക്പാലിന് ഇടം നല്‍കുന്നത് പാര്‍ലമെന്റ് വ്യവസ്ഥകള്‍ പാലിച്ചായിരിക്കും. സ്വതന്ത്രവും ശക്തവും എന്നാല്‍ ഭരണഘടനാവിധേയവുമായ ലോക്പാല്‍ ആണ് ബിജെപി ആവശ്യപ്പെടുന്നത്. ലോക്പാല്‍ മറ്റ് ഭരണഘടനാ സംവിധാനങ്ങളുമായി സഹകരിച്ച് ഭരണഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കണം. നടപടിക്രമം ലളിതമാക്കുക, സ്വേഛാപരമായി പ്രവര്‍ത്തിക്കാതെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഈ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ധാരണ. ചര്‍ച്ചകള്‍ പാര്‍ലമെന്റിനകത്ത് മാത്രം എന്ന നിലപാടില്‍ ബിജെപി ഉറച്ചുനില്‍ക്കുന്നു. വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പ്രതിബദ്ധതയുണ്ട് എന്ന് ആഭ്യന്തരമന്ത്രി ചിദംബരം പറയുമ്പോഴും ഈ ബില്‍ പാസാകും എന്ന കാര്യത്തില്‍ വ്യക്തത വരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: