Categories: India

ബാലന്‍ വെടിയേറ്റ്‌ മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

Published by

ചെന്നൈ: സൈനിക ക്വാര്‍ട്ടേഴ്സ്‌ വളപ്പില്‍ കയറിയ പതിമൂന്നുകാരന്‍ വെടിയേറ്റ്‌ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്‌ കൈമാറിയതായി തമിഴ്‌നാട്‌ പോലീസ്‌ അധികൃതര്‍ അറിയിച്ചു.

ചെന്നൈ ഐലന്റ്‌ ഗ്രൗണ്ടിന്‌ സമീപമുള്ള സൈനിക ക്വാര്‍ട്ടേഴ്സ്‌ വളപ്പിനുള്ളിലുള്ള ബദാം മരത്തില്‍ കയറിയ ദില്‍ഷന്‍ എന്ന ബാലനാണ്‌ കഴിഞ്ഞ ദിവസം വെടിയേറ്റ്‌ മരിച്ചത്‌. എന്നാല്‍ സ്ഥലത്ത്‌ ആയുധധാരികള്‍ ആരുമുണ്ടായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച്‌ തങ്ങള്‍ അന്വേഷണം നടത്തുമെന്നാണ്‌ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്‌. മരത്തില്‍ കയറിയ കുട്ടികളെ സൈനികര്‍ വിരട്ടിയോടിക്കുകയായിരുന്നു. മൂന്നു കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ദില്‍ഷന്‌ മതില്‍ ചാടിക്കടക്കാനായില്ല. മറ്റു കുട്ടികള്‍ നാട്ടുകാരേയും കൂട്ടി തിരിച്ചെത്തിയപ്പോള്‍ മതിലിനു പുറത്ത്‌ നെറ്റിയില്‍ വെടിയേറ്റ നിലയില്‍ കിടക്കുകയായിരുന്നു ഈ ബാലന്‍. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച രാത്രി 7.10 ഓടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതിനിടയില്‍ വെടിയേറ്റ കുട്ടിയുടെ ശരീരം സൈനികര്‍ മതിലിന്‌ വെളിയിലേക്ക്‌ വലിച്ചെറിയുകയായിരുന്നുവെന്ന്‌ ആരോപിച്ചുകൊണ്ട്‌ ജനങ്ങള്‍ സംഭവസ്ഥലത്ത്‌ തടിച്ചുകൂടിയത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സൈനിക വാഹനങ്ങള്‍ക്ക്‌ നേരെ കല്ലേറ്‌ നടത്തിയ ജനം ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം നടത്തി. ഇന്ദിരാനഗര്‍ ചേരിനിവാസിയായ കുമാറിന്റെ മകനാണ്‌ മരിച്ച ദില്‍ഷന്‍. സംഭവത്തിനുത്തരവാദിയായ സൈനികനെ വിട്ടുകിട്ടാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും മരിച്ച കുട്ടിയുടെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപ സഹായം നല്‍കുമെന്നും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by