തിരുവനന്തപുരം: പ്രണയത്തിന്റെ കവി ഇടപ്പള്ളി രാഘവന് പിള്ളയുടെ വിയോഗത്തിന് ഇന്ന് 75 വയസ്.
ചെറുപ്പത്തില്‍തന്നെ കവി എന്ന നിലയില്‍ രാഘവന്‍പിള്ള പ്രശസ്തനായിരുന്നു. നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം, അവ്യക്തഗീതം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങള്‍. ‘മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നൂ ഞാന്‍’ എന്നു തുടങ്ങുന്ന ‘മണിനാദം’ കവിത ഏറെ പ്രസിദ്ധമാണ്. കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രണയത്തിനായി ജീവിക്കുകയും പ്രണയം കവിതയായി ഇതള്‍ വിടര്‍ത്തിയതും ഒടുവില്‍ പ്രണയത്തിനായി ജീവിതം സ്വയം സമര്‍പ്പിച്ച് വിടവാങ്ങിയതും ഇടപ്പള്ളി രാഘവന്‍പിള്ളയെ അനശ്വരനാക്കി. ആത്മസുഹൃത്തായ ചങ്ങമ്പുഴ ‘രമണനി’ലൂടെയാണ് മലയാളി ആ കവിതയെ അടുത്തറിയുന്നത്. കവിയുടെ സ്വയം വരിച്ച വ്യയോഗത്തിന് ഇന്ന് 75 വയസ്.
1936 ജൂലൈ നാലിന്, കൊല്ലത്തുവച്ച് ഇടപ്പള്ളി ജീവനൊടുക്കി. താന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത് ആ പ്രേമസുരഭിലഹൃദയത്തിന് താങ്ങാനായില്ല. കാമുകി സ്വന്തം വിവാഹത്തിന് കാമുകനെ ക്ഷണിച്ചുകൊണ്ട് കത്തുമയച്ചിരുന്നു. കത്ത് കിട്ടുകകൂടി ചെയ്തതോടെ കവി ആകെ തളര്‍ന്നു. കഴുത്തില്‍ ഒരു മുല്ലപ്പൂമാലയുമണിഞ്ഞാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെന്ന കാമുകകവി തൂങ്ങി മരിച്ചത്. കാമുകി മറ്റൊരു പുരുഷന്റെ കഴുത്തില്‍ വരണമാല്യമണിഞ്ഞ അതേമുഹൂര്‍ത്തത്തിലായിരുന്നു രാഘവന്‍പിള്ള മരണത്തെ സ്വയം വരിച്ചത്. നൈരാശ്യം ബാധിച്ച ജീവിതത്തിന്റെ ദുഃഖങ്ങള്‍ അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിരുന്നു. മരണത്തിലൂടെ അദ്ദേഹം ജീവിതത്തോട് പ്രതികാരം ചെയ്തു.
അകാലത്തില്‍ വേര്‍പിരിഞ്ഞ മാതാവ്, മാതൃസ്നേഹം അന്യമായ ബാല്യം ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും ഹൃദയത്തില്‍ പ്രണയത്തിന്റെ സൗരഭ്യം നിറച്ച കവി. പ്രണയിനി മറ്റൊരാള്‍ക്ക് വരണമാല്യം ചാര്‍ത്തുമ്പോള്‍ പ്രണയം എന്ന പ്രത്യാശയുടെ അസ്തമയം കവി ദര്‍ശിച്ചു. ജീവിതാന്ത്യവും.
പ്രിയ സുഹൃത്തിന്റെ ദാരുണാന്ത്യത്തില്‍ മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള രമണന് ജന്മം നല്കി. ഇടപ്പള്ളിയുടെ മരണം കാവ്യലോകത്തെ ദുഃഖത്തിലാഴ്ത്തിയപ്പോള്‍ രമണനിലൂടെ മറ്റൊരു സന്തോഷം ജനിച്ചു. ഇടപ്പള്ളി മരിച്ച് ദിവസങ്ങള്‍ക്കകമാണ് രമണനെന്ന വിലാപകാവ്യം ജനിക്കുന്നത്. 1936ല്‍ തന്നെ രമണന് പുസ്തകമായി പുറത്തിറങ്ങി. അന്നുമുതല്‍ കാവ്യാസ്വാദകര്‍ രമണന് വായിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു അനശ്വര പ്രണയത്തിന്റെയോ, പ്രണയച്ചതിയുടേയോ കഥപറയുന്ന കാവ്യം.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: