Categories: Kasargod

നഗരസഭ മരുന്നുതളി നിര്‍ത്തി; കേളുഗുഡ്ഡെയില്‍ മഞ്ഞപ്പിത്തവും ത്വക്‌രോഗങ്ങളും പടരുന്നു

Published by

കാസര്‍കോട്‌: കേളുഗുഡ്ഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള മരുന്നുതളിക്കല്‍ നിര്‍ത്തിവച്ചു ഇതോടെ പലതരത്തിലുള്ള പ്രാണികളും കൊതുകുകളും പരിസര പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നതായും ത്വക്‌രോഗങ്ങളും മഞ്ഞപ്പിത്തവും പടരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. മഞ്ഞപ്പിത്തം ബാധിച്ച ഒരു യുവാവിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേര്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയെ സമീപിച്ചിട്ടുണ്ട്‌. മാലിന്യ നിക്ഷേപം നിര്‍ത്തിയതിനുശേഷം മരുന്നു തളിക്കല്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന്‌ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രാണികളാണ്‌ മാലിന്യ നിക്ഷേപ കേന്ദ്രം പരിസരങ്ങളില്‍ കാണപ്പെടുന്നതെന്നു ആക്ഷന്‍ കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം പ്രാണികളുടെ കടിയേറ്റ ഭാഗത്ത്‌ അസഹനീയമായ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നതായും അവര്‍ പറയുന്നു. കേളുഗുഡ്ഡെയിലേക്കുള്ള മാലിന്യ നീക്കം ൧൬ ദിവസം മുമ്പാണ്‌ തടസ്സപ്പെട്ടത്‌. മാലിന്യനിക്ഷേപകേന്ദ്രം കാരണം പരിസരവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപിയും പരിസരവാസികളും ആക്ഷന്‍ കമ്മിറ്റിയും സമരരംഗത്താണ്‌. ഇതുമൂലം ഇപ്പോള്‍ നഗരത്തിണ്റ്റെ പല ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്‌. ചില സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുകയും ഭാഗികമായി നീക്കം ചെയ്ത്‌ കുഴിയെടുത്തുമൂടുകയും ചെയ്യുന്നുണ്ടെങ്കിലും നഗരത്തിലെ മാലിന്യ പ്രശ്നം രൂക്ഷമായി തുടരുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts