തിരുവനന്തപുരം: പെരുമാറ്റദൂഷ്യം സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട സിപിഎം മുന്‍ സംസ്ഥാന കമ്മറ്റിയംഗം പി. ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു. ശശിയെ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്യാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാര്‍ശ തളളിക്കൊണ്ടാണ് സംസ്ഥാന സമിതിയുടെ തീരുമാനം. സദാചാരലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുക തന്നെ വേണമെന്ന് സംസ്ഥാന സമിതിയില്‍ ഒറ്റക്കെട്ടായി അഭിപ്രായം ഉയരുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ഒരാള്‍ പെണ്‍വിഷയത്തില്‍ പുറത്താക്കപ്പെടുന്നത് ആദ്യസംഭവമാണ്.
സിപിഎമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ ശശിയെ നേരത്തെ ബ്രാഞ്ചിലേക്കു തരംതാഴ്ത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഇതു മതിയായ ശിക്ഷയല്ലെന്നു വി.എസ്.അച്യുതാനന്ദനടക്കം ഏതാനും നേതാക്കള്‍ ശക്തമായി വാദിച്ചിരുന്നു. പൊളിറ്റ് ബ്യൂറോ അനൗപചാരികമായി അത് അംഗീകരിക്കുകയും ചെയ്തു. വൈക്കം വിശ്വന് അധ്യക്ഷനായ അന്വേഷണകമ്മറ്റി ശശി “മോശക്കാര”നല്ലെന്നും രോഗം ഗുരുതരമാണെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം വീണ്ടും പരിഗണിക്കുകയും ശശിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തതും.
ഇതിനിടെ ശശി പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവായിക്കൊണ്ടുള്ള രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച കത്തും രാജിക്കത്തും പരസ്യപ്പെടുത്തുകവഴി ശശി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായും സംസ്ഥാനകമ്മറ്റി അഭിപ്രായപ്പെട്ടു. ശശിയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം സെക്രട്ടേറിയറ്റ് അംഗം പി.കെ.ശ്രീമതിയും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവും മുന്‍ എംഎല്‍എയുമായ ശൈലജ ടീച്ചറും സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ മാധ്യമങ്ങളോട് അഭിപ്രായം പറയുകയും ചെയ്തു. ശശി ഉത്തരവാദപ്പെട്ടസ്ഥാനത്തിരുന്ന് ഗുരുതരമായ തെറ്റ് ചെയ്തതിനാണ് ശിക്ഷനല്കിയതെന്ന് പി.കെ.ശ്രീമതി പ്രസ്താവിച്ചു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം വെളിപ്പെടുത്തിയിട്ടില്ല.
സംസ്ഥാന കമ്മറ്റി കഴിഞ്ഞാല്‍ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തുക പതിവാണ്. എന്നാല്‍ ഇന്നലെ വാര്‍ത്താസമ്മേളനം ഒഴിവാക്കി പ്രസ്താവന ഇറക്കുകയായിരുന്നു. അതില്‍ ശശിക്കെതിരെ നടപടി സ്വീകരിച്ചകാര്യം മിണ്ടിയിട്ടില്ല. നേരത്തെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയപ്പോള്‍ ശശിയുടെ അവധി അപേക്ഷ അംഗീകരിക്കുകയാണെന്നും കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്ക് പോവുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. തലയിലേക്കുള്ള ഞരമ്പിനുള്ള തകരാറുമൂലം കഴുത്തുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണെന്നും ശശി വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: