ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളിക്കെതിരെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക് വിട്ടില്ലെങ്കില്‍ നിരാഹാരസത്യഗ്രഹം വീണ്ടും തുടങ്ങുമെന്ന് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചു.
അണ്ണാ ഹസാരെയും പൊതുസമൂഹ പ്രതിനിധികളില്‍ ഒരാളുമായ അരവിന്ദ് കേജ്രിവാളും ഇന്നലെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ശരിയായ കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. അത് നടന്നില്ലെങ്കില്‍ ജന്തര്‍മന്ദിറില്‍ നിരാഹാരം വീണ്ടും തുടങ്ങേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പൊതുസമൂഹ പ്രതിനിധികള്‍ വിശദീകരിച്ചു. ഇതുള്‍പ്പെടെ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി അഭിപ്രായവ്യത്യാസമുള്ള ആറ് വിഷയങ്ങള്‍ അവര്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തി. ധനമന്ത്രി പ്രണബ് മുഖര്‍ജിയും സന്നിഹിതനായിരുന്നു.
യുപിഎ ചെയര്‍പേഴ്സണ്‍കൂടിയായ സോണിയയുമായി രണ്ടു ദിവസം മുമ്പ് ഹസാരെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ കാരണമൊന്നും പറയാതെ സോണിയ ഒഴിഞ്ഞുമാറുകയായിരുന്നു. ലോക്പാല്‍ ബില്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അണ്ണാ ഹസാരെയും സംഘവും വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ച നടന്നു. അരവിന്ദ് കേജ്രിവാള്, കിരണ്‍ ബേദി എന്നിവര്‍ക്കൊപ്പം ബിജെപി ആസ്ഥാനത്തെത്തിയ ഹസാരെ എല്‍.കെ. അദ്വാനിയും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തി. ശക്തവും വിശ്വാസയോഗ്യവുമായ ലോക്പാല്‍ ബില്ലിന് ബിജെപിയുടെ പൂര്‍ണ പിന്തുണ അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന് മാത്രമാണ് സോണിയ മറുപടി നല്‍കിയത്. ലോക്പാല്‍ ബില്ലിനെക്കുറിച്ച് ബിജെപിക്കുള്ളിലും ഉന്നതതല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ലോക്പാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ ലോക്പാല്‍ ബില്‍ വേണമെന്നും വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ ചെയ്തപോലെ ഒരേസമയം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നുമാണ് പൊതുസമൂഹ പ്രതിനിധികളുടെ നിലപാട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുമായി പൊതുസമൂഹ പ്രതിനിധികള്‍ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമായി അവര്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: