കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രതിപക്ഷ നേതാവിനെയും എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുന:പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി ഫീസ് നിശ്ചയിച്ച ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനേജുമെന്റുകള്‍ എന്തു തീരുമാനം എടുത്താലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റുമുണ്ടാകില്ല. ഹൈക്കോടതിയുടെയും, സുപ്രീംകോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റുകള്‍ പുനര്‍വിചിന്തനം നടത്തണം. പ്രവേശന കാര്യത്തില്‍ സാമൂഹ്യനിതീ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. സാമൂഹ്യ നീതി നിഷേധിച്ച് ആരും മുന്നോട്ടു പോകുന്നതു ശരിയല്ല. അതു കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നിലപാടു പ്രതിപക്ഷം മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: