ജന്‍ ലോക്പാല്‍ എന്ന അണ്ണാ ഹസാരെ ടീമിന്റെ ആശയം ഇപ്പോഴും തുലാസില്‍ത്തന്നെയാണ്. ഞായറാഴ്ച ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കെ അണ്ണാ ഹസാരെ പിന്തുണ തേടി ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലിയെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെയും പ്രകാശ് കാരാട്ടിനെയും സിപിഐ നേതാവ് എ.ബി. ബര്‍ദാനെയും സന്ദര്‍ശിച്ചുകഴിഞ്ഞു. ജന്‍ ലോക്പാലിന് പിന്തുണ പ്രഖ്യാപിച്ച് നിതീഷ്കുമാര്‍ ശക്തമായ ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ലോക്പാല്‍ സമിതി ചര്‍ച്ച വഴിമുട്ടിയത് പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും പാര്‍ലമെന്റ് അംഗങ്ങളെയും മറ്റും ലോക്പാല്‍ പരിധിയില്‍പ്പെടുത്തണമെന്ന വ്യവസ്ഥയില്‍ തട്ടിയായിരുന്നല്ലോ. നാല് മാസങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഞ്ച് പത്രമുഖ്യന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തനിക്ക് ലോക്പാല്‍ പരിധിക്കുള്ളില്‍ വരുന്നതിന് വിരോധമില്ലെന്നും പക്ഷെ തീരുമാനം മന്ത്രിസഭയുടേതാണെന്നും പറയുകയുണ്ടായി. പാവ പ്രധാനമന്ത്രിയല്ല താന്‍ എന്ന് പ്രഖ്യാപിച്ചപ്പോഴും നേതാവായ സോണിയാഗാന്ധിയെ പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. പ്രധാനമന്ത്രി എതിര്‍ത്ത മറ്റൊരു വിഷയം ഉന്നത നീതിപീഠങ്ങളെ ലോക്പാല്‍ പരിധിയില്‍പ്പെടുത്തുന്നതാണ്. ജുഡീഷ്യറി ലോക്പാല്‍ പരിധിയില്‍ വന്നാല്‍ വിവാദ വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധ്യമാകുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. രാഷ്ട്രീയ അഴിമതിക്കെതിരെ സമീപിക്കുന്നതും നീതിപീഠങ്ങളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.<br/>
ഇന്ത്യ ഇന്ന് അഴിമതിയില്‍ ആഗോളഭീമനായി കരുതപ്പെടുന്നു. ഭരണതലത്തില്‍തന്നെ ഉന്നതര്‍ പലരും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായി അഴിയെണ്ണുകയും ദയാനിധി മാരനെപ്പോലുള്ളവര്‍ മന്ത്രിസഭയില്‍നിന്നും പുറത്തേക്കുള്ള കവാടത്തില്‍ നില്‍ക്കുകയുമാണ്. ഇന്ത്യയില്‍ അഴിമതി ഗുരുതരമാണെങ്കിലും ലോക്പാല്‍ പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലിയല്ല എന്നും അഭിപ്രായം ഉയരുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കീഴിലും സംസ്ഥാനതലത്തിലും ഇന്ത്യയില്‍ അരങ്ങേറുന്ന അഴിമതികള്‍ക്കെതിരെ ജനവികാരം ഇന്ന് ശക്തമാണ്. ലോക്പാല്‍ ആശയത്തോടുള്ള അനുകൂല പ്രതികരണംതന്നെ അതിന് തെളിവാണ്. ഇപ്പോള്‍ ലോക്പാല്‍ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിെന്റ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ വക ലോക്പാലും അണ്ണാ ഹസാരെ ടീമിന്റെ ജന്‍ ലോക്പാലും വ്യത്യസ്തമായിരിക്കെ ഇതുരണ്ടും സംയോജിപ്പിച്ചുള്ള ബില്ലാണ് അവതരിപ്പിക്കപ്പെടുക എന്നതാണ് സര്‍ക്കാര്‍ ഭാഷ്യം. അഴിമതിവിരുദ്ധ ജനവികാരം ആളിക്കത്തുമ്പോഴും യുപിഎ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ ജനായത്ത ഭരണത്തിനെതിരെയാണ് എന്ന ധാരണ വച്ചുപുലര്‍ത്തുന്നു.
അഴിമതി ആരോപണങ്ങള്‍ യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയപ്പോഴും മൗനത്തില്‍ അഭയം തേടിയ പ്രധാനമന്ത്രി ഒടുവില്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. പക്ഷെ സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കുനേരെ അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ യുപിഎ നേരിടുന്ന വിശ്വാസ്യതയില്ലായ്മക്കും മറ്റാരോപണങ്ങള്ക്കും പ്രധാനമന്ത്രി മാധ്യമങ്ങളെ പഴിചാരുകയാണ്. മാധ്യമങ്ങള്‍ ഇന്ന് ആരോപണം ഉയര്‍ത്തുന്നവരും വിചാരണ ചെയ്യുന്നവരും വിധി പ്രസ്താവിക്കുന്നവരും ആയിരിക്കുന്നു എന്നാണ് അദ്ദേം ആരോപിച്ചത്. ഇത് പറഞ്ഞപ്പോഴും മന്മോഹന് തിരസ്ക്കരിച്ച വസ്തുത കേന്ദ്രമന്ത്രിസഭയിലെ അഴിമതിവീരന്മാരെ വെളിച്ചത്തു കൊണ്ടുവന്നത് ഇന്ത്യയിലെ മാധ്യമങ്ങള്‍ ആണ് എന്ന വസ്തുതയാണ്. വ്യക്തമായ തെളിവുകളോടെയായിരുന്നു അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്ന വാദം അഴിമതി ആരോപിതര്‍ സ്ഥിരമായി ഉയര്‍ത്തുന്ന പുകമറയാണ്. പ്രധാനമന്ത്രിയെങ്കിലും ഇതിന് തുനിയരുതായിരുന്നു എന്ന അഭിപ്രായം ശക്തമാണ്. ഇങ്ങനെ പറഞ്ഞ പ്രധാനമന്ത്രി തീരുമാനങ്ങള്‍ എടുക്കാനോ അഴിമതി തടയാനോ കഴിയാത്ത ദുര്ബലന്തന്നെ എന്ന നിലനില്‍ക്കുന്ന വിശ്വാസത്തിന് അടിവരയിടുകയാണ് ചെയ്തത്. ഇന്ത്യയെ പോലീസ്സ്റ്റേറ്റാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് പോലും അദ്ദേഹം പറഞ്ഞിരിക്കുന്നു.
അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ജനസമൂഹത്തില്‍ രൂഢമൂലമാകുന്നത് കണ്ട്രോളര് ആന്റ് ഒാഡിറ്റര്‍ ജനറല്‍ പോലും അഴിമതികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവരുമ്പോഴാണ്. ഇന്ത്യയിലെ മാധ്യമങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനം ലോകപ്രശംസ നേടിയതാണ്. പക്ഷെ ഇപ്പോള്‍ പ്രധാനമന്ത്രി സിഎജി മാധ്യമങ്ങളെ കണ്ടതുപോലും വിമര്‍ശിച്ചിരിക്കുകയാണ്. സിഎജിയുടെ വെളിപ്പെടുത്തലാണ് മുന്‍ ടെലികോംമന്ത്രി എ. രാജയെ അകത്താക്കിയതും ദയാനിധി മാരന്റെ മന്ത്രിസ്ഥാനം പരുങ്ങലിലാക്കിയിരിക്കുന്നതും. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാനിരിക്കെ ടെലികോം മന്ത്രി കപില്‍ സിബല്‍ ജന്‍ ലോക്പാല്‍ ബില്ലിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്. 40 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥരും 80 ലക്ഷം സംസ്ഥാന ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതി പ്രതിരോധിക്കാന്‍ അണ്ണാ ടീമിന്റെ ലോക്പാല്‍ ശക്തമല്ല എന്നും ആരോടും ഉത്തരവാദിത്തമില്ലാത്ത, കോടതിയോടു പോലും വിധേയത്വമില്ലാത്ത സമിതിക്ക് എങ്ങനെ ജനപ്രതിനിധികള്‍ വിധേയരാകും എന്ന മറുചോദ്യം സിബല്‍ ഉന്നയിക്കുന്നു. അഴിമതിവിരുദ്ധ വികാരം ശക്തമായിക്കൊണ്ടിരിക്കെ, ഇതിനെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങള്‍ ചര്ച്ചാവിധേയമായിരിക്കെ ദേശവ്യാപക അഴിമതി പ്രതിരോധിക്കാനുള്ള സംവിധാനം രൂപപ്പെടും എന്ന പ്രതീക്ഷയാണ് ജനത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: