Categories: Kerala

മരിച്ചവരുടെ കുടുംബത്തിന്‌ രണ്ടുലക്ഷം വീതം

Published by

തിരുവനന്തപുരം: മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബ്‌ എന്‍ജിനീയര്‍ ഇഞ്ചമൂല വെള്ളാരൂര്‍ ജലജമന്ദിരത്തില്‍ കെ.എസ്‌.പ്രഭ, വനിതാ സബ്‌ എന്‍ജിനിയര്‍ മെറിന്‍ ഐസക്ക്‌ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ്‌ സഹായധനം നല്‍കുന്നത്‌. കഴിഞ്ഞ ആഴ്ചയാണ്‌ ആറ്‌ ജനറേറ്ററുള്ള പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലില്‍ തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്‌. വയനാട്ടില്‍ കോളറ ബാധിച്ചു മരിച്ച ആദിവാസികളുടെ കുടുബത്തിനും രണ്ടുലക്ഷം രൂപവീതം ധനസഹായം നല്‍കും.

എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോടും തിരുവനന്തപുരത്തും രണ്ടുസെല്ലുകള്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. കാസര്‍കോഡ്‌ രൂപീകരിക്കുന്ന സെല്ലില്‍ ഡെപ്യൂട്ടി ജലക്ടറുടെ അധിക തസ്തിക സൃഷ്ടിക്കും. തിരുവനന്തപുരത്തെ സെല്ലില്‍ ആരോഗ്യമന്ത്രി, കൃഷിമന്ത്രി, സാമൂഹികക്ഷേമ മന്ത്രി എന്നിവരും മന്ത്രിമാരുടെ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും. കാസര്‍കോഡ്‌ എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി ബന്ധപ്പെട്ട്‌ വിവിധ സംഘടനകളുമായും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ സര്‍വകക്ഷിയോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്‌ തീരുമാനങ്ങള്‍ യോഗത്തില്‍ റിപോര്‍ട്ട്‌ ചെയ്തത്‌.

കോളറ ബാധിച്ച്‌ ആദിവാസികള്‍ മരിക്കാനിടയായ സംഭവത്തില്‍ നിയമസഭയ്‌ക്കു നല്‍കിയ ഉറപ്പുകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു സൗജന്യറേഷന്‍, കുടിവെള്ളം, വണ്ടിയില്‍ കുടിവെള്ളമെത്തിക്കല്‍, വാഹനസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കുപ്പിവെള്ളം എന്നീ നടപടികളാണ്‌ സ്വീകരിക്കുന്നത്‌. വയനാട്ടിലെ മൂന്നു കോളനികളില്‍ കക്കൂസില്ലാത്ത വീട്ടുകാര്‍ക്ക്‌ കക്കൂസ്‌ നിര്‍മിക്കുന്നതിനു 15,000 രൂപ വീതം അനുവദിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

പകര്‍ച്ചവ്യാധികള്‍ പടരുന്നതു പൂര്‍ണമായി തടയാന്‍ കഴിയണം. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വാറ്റ്‌ നികുതി നാലുശതമാനം മാത്രമായതുകൊണ്ടാണ്‌ അധിക നികുതി വേണ്ടെന്നുവയ്‌ക്കാതിരുന്നത്‌. അധിക നികുതി വേണ്ടെന്നുവച്ചതുകൊണ്ട്‌ പൊതുജനത്തിനു കാര്യമായ പ്രയോജനമുണ്ടാവില്ല.

കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേയ്‌ക്കുള്ള നിയമനം സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ കത്ത്‌ ലഭിച്ചിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by