വിശുദ്ധിക്കുവേണ്ടിയുള്ള നിങ്ങളുടെ അഭിനിവേശം ആത്മാര്‍ത്ഥമാണെങ്കില്‍, പ്രാര്‍ത്ഥന ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണുയരുന്നതെങ്കില് ആ കരുണാമൂര്ത്തിയില് നിന്നുള്ള പ്രതികരണം തല്‍ക്ഷണംതന്നെ അനുഭവമാകുംഎന്നാണ് രമാദേവിഅമ്മ പറയുന്നത്. ഈശ്വരന് നിങ്ങളുടെ ഹൃദയത്തില്‍ തന്നെ വസിക്കുന്നു. ആ ഹൃദയേശ്വരി നിങ്ങളുടെ രക്ഷയ്ക്കായി പാഞ്ഞെത്തും. വിവേകാത്മകമായ അന്തര്‍ദര്‍ശനമായി ദേവി ആവിര്‍ഭവിച്ച് പരീക്ഷണങ്ങളുടേയും പ്രലോഭനങ്ങളുടേയും മുഹുര്ത്തത്തില് നിങ്ങളെ രക്ഷിക്കും. മാനസികവും സാന്മാര്ഗികവും ആദ്ധ്യാത്മികവുമായ സകലശക്തികളും ആ സര്വേശ്വരിയില്നിന്നു പ്രസരിക്കുന്ന കിരണങ്ങളാണ്.
ഈശ്വരകൃപകൊണ്ട് നേടിയ വിവേകശക്തിയാല് വാസനാവൃത്തികളെ കണ്ടെത്തുകയും അവയെ ഒറ്റപ്പെടുത്തുകയും നിയന്ത്രിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നതോടെ വാസനയുടെ ശക്തി അനുക്രമം മന്ദീഭവിക്കും. അവസാനം അവ ബലഹീനങ്ങളായിത്തീരും. പക്ഷേ, നിങ്ങള്‍ വൃത്തികളുമായി സാദ്മ്യം പ്രാപിച്ചാല്‍ മോഹങ്ങള്‍ക്കും ല്കികാസക്തികള്ക്കും കൂടുതല്‍ കൂടുതല്‍ ഊന്നല്‍ വരുത്തിക്കൊണ്ടിരുന്നാല്‍ വാസനകളും കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും, ഇതാണ് നിയമം.
അഹന്ത ബുദ്ധിയുമായി താദാത്മ്യപ്പെട്ടിരിക്കുന്നു. വാസനയാകട്ടെ ചിത്തത്തിന്റെ ഉപബോധമേഖലയില് വര്‍ത്തിക്കുന്നു. ശരണാഗതി, ഗുരുഭക്തി, ആത്മവിചാരം ഇവകൊണ്ട് അഹന്തയെ നശിപ്പിക്കാം. വിവേകം, ആത്മാഭിരുചി ,വൈരാഗ്യം ഇവയിലൂടെ വാസനയെ നശിപ്പിക്കാം. ഇവരണ്ടും നിഷ്കാസിതമാകുന്നതോടെ ചിത്തം ശുദ്ധവും വൃത്തിരഹിതവുമാകും. വൃത്തിരഹിതമായ ചിത്തം ചിത്ത് അഥവാ ചൈതന്യം തന്നെയാണ്.
പരിപൂര്ണതനേടിയ മഹാത്മാവിന്റെ പരിശുദ്ധജീവിതമാണ് ഒരു സാധകന് ആദര്‍ശമായി സ്വീകരിക്കേണ്ടത്. ഈ മഹാത്മാവില്‍ സഹജമായി പ്രകാശിക്കുന്ന ഗുണഗണങ്ങളേതോ അവയെയാണ് സാധകന് ബോധപൂര്‍വം സ്വായത്തമാക്കി പരപോഷിപ്പിക്കേണ്ടത്.
ആദ്ധ്യാത്മിക മണ്ഡലത്തിലെ പരിശുദ്ധി ഈശ്വരാനുഭൂതിയെന്ന സമുല്‍കൃഷ്ട പദവിയാണ്. ഈശ്വരന് സമഗ്രവിശുദ്ധിയാണ്. പ്രകൃതിയിലെ മാലിന്യങ്ങള്‍ക്കും പരിമിതികള്‍ക്കും അതീതനാണവിടുന്ന്. ഒരാള്‍ ബോധത്തിലും ഇഛയിലും കര്‍മത്തിലും ഈശ്വരനുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുന്ന അവസ്ഥയാണ് വിശുദ്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: