പരമാര്‍ത്ഥ ചൈതന്യത്തെ ആരെപ്രകാരം ആരാധിക്കുന്നുവോ അവര്‍ക്ക് അപ്രകാരം തന്നെ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നു. കര്‍മഫലത്തിന്റെ സുഖദുഃഖങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഈശ്വരാരാധനയിലൂടെ അത് പ്രാപ്യമാകുന്നു. കര്‍മഫലത്തിനും പ്രതിഫലത്തിനും ആസക്തിയില്ലാത്തവര്‍ കര്‍മഫലത്തിന്നതീതരായിത്തീരുന്നു. ഈശ്വരനില്‍ സര്‍വതും സമര്‍പ്പിച്ച് മോക്ഷത്തിനായി നിരന്തരം കര്‍മം ചെയ്തവരാണ് നമ്മുടെ പൂര്‍വ്വീകര്‍. കര്‍മത്തില്‍ അകര്‍മത്തേയും അകര്‍മത്തില്‍ കര്‍മത്തേയും ദര്‍ശിക്കാന്‍ സാധിച്ച ജ്ഞാനികളും യോഗികളുമിവിടെയുണ്ടായിരുന്നു.
ഭൗതിക സുഖത്തിലാസക്തിയും അത്യാഗ്രഹവുമില്ലാതെ പ്രവൃത്തിക്കുന്നവനെ ഋഷിയെന്ന് പറയുന്നു.. ഋഷിയുടെ കര്‍മങ്ങളെല്ലാം ജ്ഞാനാഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ടാതാകണം. കര്‍മത്തില്‍ നിരന്തരം ബന്ധനങ്ങളില്ലാതെ മുഴുകിയിരിക്കുന്നവന് യഥാര്‍ത്ഥത്തില്‍ വിശ്രമിക്കുകയാണ്. അയാള്‍ വ്യക്തികര്‍മത്തിന്റെ ഉപകരണമായ സ്വശരീരം ഉപയോഗിക്കുന്നു എന്ന് മാത്രം. സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ഉപകരണത്തെ ബാധിക്കാത്തതുപോലെ ഋഷിയേയും ബാധിക്കുന്നില്ല.സര്‍വതും ബ്രഹ്മത്തില്‍ അര്‍പ്പിച്ച് ഞാനാണിതൊക്കെ ചെയ്യുന്നതെന്ന ഭാവമില്ലാതെ യജ്ഞഭാവത്തില്‍ തന്നെ ഋഷി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ദ്രവ്യങ്ങള്‍ പവിത്രമായ അഗ്നിയില്‍ യജ്ഞഭാവത്തോടെ ഹോമിക്കുന്നതുപോലെ കര്‍മയോഗികള്‍ ചെവി, കണ്ണ്, മുക്ക്…..തുടങ്ങിയ ഇന്ദ്രിയങ്ങളെ സംയമം എന്ന അഗ്നിയില്‍ ഹോമിച്ച് നിയന്ത്രിക്കുന്നു. അതേ സമയം ശ്രവണം, ദര്‍ശനം, ഘ്രാണം, സ്പര്‍ശനം തുടങ്ങിയതിനെ ഇന്ദ്രിയങ്ങളില്‍ തന്നെ ഹോമിച്ച് ആത്മസംയമം എന്ന അഗ്നിയുടെ ജ്ഞാനദീപപ്രകാശം ഇന്ദ്രിയകര്‍മങ്ങളെ നിയന്ത്രിക്കുന്നു. ഋഷിയെ കര്‍മബന്ധനത്തില്‍ പെടാതെ സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: