കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ വന്‍ തിരിമറി നടത്തിയതായി തെളിഞ്ഞു. ഹൈക്കോടതിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തന്നെ സമര്‍പ്പിച്ച രേഖകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 13 രേഖകളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞവര്‍ഷത്തെ ഹൈക്കോടതിവിധിക്ക് വിരുദ്ധമാണ് മാനേജ്മെന്റുകളുടെ ഈ നടപടി. സര്‍ക്കാരിന്റെ റാങ്ക്ലിസ്റ്റില്‍നിന്നോ സ്വന്തം നിലയില്‍ പരീക്ഷ നടത്തിയതിന്റെ അടിസ്ഥാനത്തിലോ വേണം പ്രവേശനമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷയുടെ ലിസ്റ്റില്‍നിന്നും മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഉത്തരവ് എംബിബിഎസ് പ്രവേശനത്തിന് മാത്രമാണെന്നും പിജി പ്രവേശനത്തിന് ഇത് ബാധകമല്ലെന്നുമാണ് മാനേജ്മെന്റുകളുടെ നിലപാട്.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിര്‍ണയത്തില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ തീരുമാനത്തില്‍ ഇടപെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം വാങ്ങിയ 3.5 ലക്ഷം രൂപതന്നെ ഫീസ് ഇനത്തില്‍ ഈടാക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കോടതി അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മറ്റി നല്‍കിയ അപ്പീല്‍ ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. സ്വന്തം ഉത്തരവുകളുടെ ഉത്തരവാദിത്തം കമ്മറ്റിക്ക് മാത്രമാണ് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
മുഹമ്മദ് കമ്മറ്റിയെ നിയമിച്ചത് കോടതി ഉത്തരവ്പ്രകാരമാണ്. ഫീസ് നിര്‍ണയത്തിന് കമ്മറ്റിക്ക് അധികാരമുണ്ട്. കമ്മറ്റി നിശ്ചയിച്ച ഫീസ്ഘടന നിലനിര്‍ത്തണമെന്നാണ് അപ്പീലില്‍ പ്രധാനമായും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അപ്പീല്‍ ഇന്ന് പരിഗണിച്ചേക്കും.
ഇതിനിടെ, കര്‍ണാടയിലെ മെഡിക്കല്‍ പിജി കോഴ്സിലേക്കുള്ള സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനം ജൂണ്‍ 30 വരെ നീട്ടി സുപ്രീംകോടതി ഉത്തരവായി. കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ മറ്റ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ജൂണ്‍ 30 വരെ സീറ്റ് നീട്ടി നല്‍കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് ഈ ഇളവ് നല്‍കാനാവില്ലെന്നും കൗണ്‍സില്‍ പറഞ്ഞു. സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 30 വരെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: