ഹരിപ്പാട്: സുമേഷിനും ശ്രീക്കുട്ടനും സുജിത്തിനും ഇനി സേവാഭാരതി തണലേകും. കിടപ്പാടം നഷ്ടപ്പെട്ട് കാലൊടിഞ്ഞ് ആശുപത്രി കിടക്കയിലായ അച്ഛന്റെ ഭക്ഷണത്തിന് വേണ്ടി കപ്പലണ്ടി വില്ക്കുവാന് തെരുവിലിറങ്ങിയ അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ സുകുഭവനില് സുകുമാരന്റെയും ശ്രീദേവിയുടെയും മക്കളായ സുമേഷ് (13), ശ്രീക്കുട്ടന് (10), സുജിത് (7) എന്നിവരെയാണ് സേവാഭാരതിയുടെ കീഴിലുള്ള ചെങ്ങന്നൂര്‍ പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിലെ പ്രവര്‍ത്തകരെത്തി ഏറ്റെടുക്കുവാനുള്ള പ്രാഥമിക കരാറുകളില്‍ ഒപ്പുവെച്ചത്.
അടൂര്‍ സ്വദേശിയായ സുകുമാരനും ഭാര്യയും സ്വന്തമായി ഉണ്ടായിരുന്ന നാല് സെന്റ് സ്ഥലം സഹോദരിമാരുടെ വിവാഹത്തിനായി വിറ്റു. പിന്നീട് ഇവര്‍ ഹരിപ്പാടെത്തി ചെരിപ്പ് നന്നാക്കിയും തയ്യല്‍ ജോലിയും ചെയ്ത് ഇവിടുത്തെ കടത്തിണ്ണകളിലും മറ്റുമാണ് കഴിഞ്ഞത്. പായിപ്പാട് വള്ളപ്പുരയുടെ പവലിയനില്‍ കഴിയവെ വള്ളം കയര്‍ കെട്ടി വലിക്കുന്നതിനിടെ സുകുമാരന്റെ കാലിന് മുട്ടിന് താഴെ ഒടിയുകയായിരുന്നു. ഏറെക്കാലം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുകുമാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പട്ടിണിയിലായ അച്ഛനും അമ്മയ്ക്കും പൊതിച്ചോറ് വാങ്ങാനായി ശ്രീക്കുട്ടനും സുജിത്തും കപ്പലണ്ടി വില്‍ക്കുകയായിരുന്നു. നാലാംക്ലാസ് പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ സുമേഷ് തോട്ടപ്പള്ളി കടപ്പുറത്ത് മത്സ്യം പെറുക്കി വില്‍ക്കുകയായിരുന്നു. സുകുമാരന്റെ കാലിന്റെ ഗുരുതരമായ ഒടിവ് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാമെന്നും ഏറ്റിട്ടുണ്ട്.
സുഖംപ്രാപിക്കുന്ന മുറയ്ക്ക് സുകുമാരനും ഭാര്യ ശ്രീദേവിക്കും കിടപ്പാടവും വീടും സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ കണ്ടെത്തും. ഉപജീവനത്തിനായി സേവാഭാരതിയുടെ വക ഹരിപ്പാട്ടുള്ള ഒരു സഞ്ചരിക്കുന്ന കടയും ഇവര്‍ക്ക് നല്‍കും. പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച് കുട്ടികളെ വിട്ടുകിട്ടുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതിക്ക് നല്കി.
കൃഷ്ണപ്രിയ ബാലാശ്രമം സെക്രട്ടറി കെ.എന്‍.പുരുഷോത്തമന്, പ്രസിഡന്റ് കെ.പി.കൃഷ്ണന്‍നായര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണവാര്യര്‍, എം.എന്‍.ശശിധരന്, കൃഷ്ണകുമാര്‍, സിജി ഗോപകുമാര്‍, എം.വി.ഗോപകുമാര്‍, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ജയന്.കെ.ഹരി, സേവാപ്രമുഖ് അജിത്ത് എന്നിവര്‍ സേവാഭാരതിയെ പ്രതിനിധീകരിച്ചെത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ദീപു, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.രാജു, സാഹിത്യകാരന് ചുനക്കര ജനാര്‍ദനന്‍നായര്‍ ആശുപത്രി സൂപ്രണ്ട് ആര്.സുനില്‍കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: