ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ക്ഷമാപണം നടത്തി. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് നാനാജാതിമത വിശ്വാസികള്‍ക്ക് തുല്യസ്ഥാനം ലഭ്യമാക്കുമെന്നും ചിദംബരം പറഞ്ഞു. സിഖ് കൂട്ടക്കൊലക്കെതിരെ പ്രതികരിച്ച വിവിധ സിഖ് സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 142 സിഖുകാരെ സര്‍ക്കാരിന്റെ ‘കരിം പട്ടിക’യില്‍ പെടുത്തിയിരുന്നു. ഇവരെ ഒഴിവാക്കിയതില്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
84ലെ ഇന്ദിരാ വധത്തിനുശേഷം നിരപരാധികളായ സിഖുകാരെ വേട്ടയാടുകയും ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയുമുണ്ടായി. ദല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍തന്നെ നേതൃത്വം നല്കി. ഇന്ദിരയ്ക്കുശേഷം രാജീവ്ഗാന്ധിയും തുടര്‍ന്ന് സോണിയയും കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും നയിച്ചപ്പോഴും സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിച്ചില്ല. മനസ്സിലേറ്റ മുറിപ്പാടുമായി സിഖ് സമൂഹം രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നും ഒഴിഞ്ഞുമാറി.
കുറേ കാലത്തേക്ക് അവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിന്റെ എല്ലാം പാപഭാരം സ്വയം ഏറ്റ് മാപ്പപേക്ഷ നടത്തുകയായിരുന്നു ചിദംബരം. കാലം ഏറെ മാറിയെന്നും പഴയ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ മറക്കാമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. 2005 ലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സിഖ് സമൂഹത്തോട് ക്ഷമാപണം നടത്തിയിരുന്നു. കരിംപട്ടികയില്നിന്നും സിഖുകാരെ ഒഴിവാക്കാന്‍ തന്റെ ചെറിയ പങ്ക് വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത സിഖുകാരെ സഹായിക്കാനുള്ള നടപടി താമസിയാതെ സ്വീകരിക്കുമെന്നും ചിദംബരം പറഞ്ഞു. ലോകത്തെ ഏത് ഭാഗത്തുള്ള സിഖുകാരന്റെയും ജന്മനാട് ഇന്ത്യയാണ്. എപ്പോള്‍ മടങ്ങിവന്നാലും അവരെ ഇന്ത്യ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നും ചിദംബരം പറഞ്ഞു. കേന്ദ്രീയ ഗുരുസിംഗ് സഭയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: