തലയില്‍ തൊപ്പി വച്ച സൈക്കിള്‍ യാത്രക്കാരനെ ആ ഗ്രാമത്തിലെ വീടുകളിലുള്ളവരും വഴിയാത്രക്കാരും ആകാംക്ഷയോടെ ശ്രദ്ധിക്കും. സൈക്കിള്‍ ബെല്ല് കേള്‍ക്കുമ്പോള്‍ അത് പോസ്റ്റ്മാനാണോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്. തങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടോ.തങ്ങള്‍ക്കു വേണ്ടിയാണോ വരുന്നത്. ‘ആളില്ലാത്ത കത്തുണ്ടെങ്കില്‍ തന്നേര്’ എന്നൊരു പതിവ് കമന്റും ചിലരുടെ വക ഉണ്ടാകും. രാവിലെ 11 മണി ആയാല്‍ പോസ്റ്റോഫീസില്‍ 25 ല്‍ കുറയാതെ ആളുകളെങ്കിലും ഉണ്ടായിരിക്കും. സ്റ്റാമ്പ് കുത്തിക്കഴിഞ്ഞാല്‍ കാത്തിരിക്കുന്നവരില്‍ കത്ത് വന്നിരിക്കുന്നവര്‍ക്ക് ചൂടപ്പം പോലെ വിതരണം ചെയ്യും. അതു കഴിഞ്ഞാല്‍ വീടുവീടാന്തരം കയറിയിറങ്ങി കത്തുകള്‍ കൊടുക്കുന്നു. കത്ത് വാങ്ങുന്നവരുടെ ആകാംക്ഷ നമുക്ക് കണ്ണുകളിലൂടെ വായിച്ചെടുക്കാം. അപൂര്‍വ്വം ചിലയിടങ്ങളിലെങ്കിലും കത്ത് വായിക്കേണ്ട ചുമതലയും പോസ്റ്റുമാന്റേതാണ്. ശ്രോതാവിന്റെ നെടുവീര്‍പ്പുകളും പ്രത്യാശയും സന്തോഷവും സഹതാപവുമൊക്കെ പോസ്റ്റ്മാന് ഒപ്പിയെടുക്കുന്നു. പോസ്റ്റ്മാനെ കാത്തിരിക്കുന്നവരും കത്തിനുവേണ്ടി കാത്തിരിക്കുന്നവരുമായിരുന്നു നാമെല്ലാവരും.
ഇത് ഏതാണ്ട് 20 വര്‍ഷം മുമ്പു വരെയുള്ള കഥ.ഇപ്പോള്‍, ലഭിക്കുമെന്ന് ഉറപ്പുള്ള കത്തുകള്‍ക്കുവേണ്ടി മാത്രമായുള്ള കാത്തിരിപ്പ്. വിവരങ്ങളെല്ലാം അതിനകം അറിഞ്ഞു കഴിഞ്ഞു. അത്രയേ ആവശ്യമുള്ളൂ. എന്നിട്ടും പോസ്റ്റോഫീസുകളിലെ തിരക്ക് ഒഴിയുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലെന്നതുതന്നെ കാരണം. കമ്മറ്റി യോഗങ്ങള്‍ക്ക് കാര്‍ഡ് അയച്ച് ക്ഷണം ഉറപ്പുവരുത്തേണ്ട പതിനായിരക്കണക്കിന് സംഘടനകള്‍ മൂലവും പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഇളവുകള്‍ മൂലവും ഇന്ന് പോസ്റ്റോഫീസ് സജീവമാണ്. തപാല്‍ വിതരണത്തിന് പുറമേ നിരവധി മൂല്യവര്‍ധിത സേവനങ്ങളും പോസ്റ്റോഫീസ് നല്കുന്നു.
പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ല. കൊറിയര്‍ സര്‍വീസുകളുടെ സേവനം പട്ടണങ്ങളില്‍ കേന്ദീകരിക്കുന്നത്കൊണ്ട് ഗ്രാമീണമേഖലയിലെ സേവനദാതാക്കള്‍ പോസ്റ്റോഫീസുകള്‍ തന്നെ. ടെലഫോണിന്റെയും ഇ-മെയിലിന്റെയും ഫാക്സിന്റെയും ഒക്കെ ഉപയോഗം വലിയ തോതിലായതുകൊണ്ട് തപാലുകളിലൂടെ വരുന്ന ഉള്ളടക്കത്തെ പറ്റിയുള്ള ജിജ്ഞാസ കുറഞ്ഞു എന്നുമാത്രം. ഇന്ത്യയില്‍ ഒന്നരലക്ഷം പോസ്റ്റോഫീസുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം പോസ്റ്റോഫീസുകളും ഗ്രാമങ്ങളില്‍ തന്നെ. അതുകൊണ്ടുതന്നെ പോസ്റ്റോഫീസുകളുടെ പ്രവര്‍ത്തനം അഭംഗുരം തുടരേണ്ടതും ശക്തിപ്പെടുത്തേണ്ടതും മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും പ്രധാനപ്പെട്ടതുതന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് മുംബൈ ജനറല്‍ പോസ്റ്റോഫീസാണ്. എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റലായി പതിനായിരക്കണക്കിനു പോസ്റ്റോഫീസുകള്‍ ഏറ്റവും ചെറുത് എന്ന പദവിയിലുണ്ടാകും.
പോസ്റ്റോഫീസുകള്‍ക്ക് ശോഭനമായ ഭാവി സര്‍ക്കാര്‍ കാണുന്നില്ല. നിയമനിരോധനം നിലവിലുണ്ട്. ജീവനക്കാരൊക്കെ മുതിര്‍ന്നവരാണ്. യുവജനങ്ങളെ കാണാനേയില്ല. രണ്ടുദിവസത്തിനകം കേരളത്തിലെവിടെയും കത്തുകള്‍ കിട്ടിയിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ വേണമെങ്കില്‍ സ്വകാര്യ കൊറിയര്‍ കമ്പനികളെ ആശ്രയിക്കണം. പോസ്റ്റല്‍ വിതരണത്തിലെ കാലതാമസം ജനങ്ങളെ പോസ്റ്റോഫീസുകളില്‍ നിന്ന് അകറ്റുന്നു.
വൈവിധ്യവത്ക്കരണത്തിലൂടെ പോസ്റ്റോഫീസുകളെ വേണമെങ്കില്‍ ശക്തിപ്പെടുത്താം. പക്ഷേ മുമ്പുണ്ടായിരുന്ന സേവനങ്ങള്‍ പോലും ജീവനക്കാരുടെ കുറവുമൂലം ഫലപ്രദമല്ല.
ബിസിനസില്‍ ശോഭിക്കാതെ വരുമ്പോള്‍ പറയുന്ന ഒരു ശൈലിയുണ്ട്. പോസ്റ്റോഫീസോ, ടെലഫോണ്‍ എക്സ്ചേഞ്ചോ നടത്താന്‍ സാധിച്ചാല്‍ പിന്നെ എന്തും നടത്താം. ലാഭകരമാകും. കാലം മാറുകയാണ്. തപാലാപ്പീസുകള്‍ കുറവായിരുന്ന രാജ്യം പിന്നീട് കത്തുകള്‍ അയയ്ക്കുന്ന ശീലം വര്‍ധിച്ച് വര്‍ധിച്ച് പോസ്റ്റുമാനെ കാത്തിരിക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാത്തിരിപ്പ് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുന്നു. ഓരോ വര്‍ഷവും റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ പിരിഞ്ഞുപോയി. പകരം നിയമനമില്ല. മുതിര്‍ന്ന പൗരന്മാരുടെ കേന്ദ്രമായിക്കൊണ്ടിരിക്കുന്ന പോസ്റ്റോഫീസുകള്‍ എന്നാണാവോ നിശ്ചലമാകുക? സമൂഹത്തിലെ വയോജനങ്ങളെപ്പോലെ അവയും കാലത്തിന്റെ മഹാമൗനത്തിലേക്ക് വിലയംകൊള്ളുമോ?
(ജോര്‍ജ് സ്റ്റീഫന്റെ ‘മാറ്റമില്ലാത്ത മാറ്റം’ എന്ന പുസ്തകത്തില്‍ നിന്നും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: