ന്യൂദല്‍ഹി: ലോക്പാല്‍ കരട് ബില്ലിലെ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണതേടി പൗരസമൂഹ പ്രതിനിധിസംഘം മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചു. കിരണ്‍ബേദി, അരവിന്ദ് കേജ്രിവാള്, മനീഷ് സിസോഡിയ എന്നിവര്‍ സംയുക്ത ലോക്പാല്‍ സമിതി യോഗത്തിലുണ്ടായ സംഭവങ്ങള്‍ അദ്വാനിയോട് വിവരിച്ചു. ലോക്പാല്‍ വിഷയത്തില്‍ പൗരസമൂഹ പ്രതിനിധികളുടെ നിലപാടും അദ്വാനിയെ അറിയിച്ചു.
അദ്വാനിയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രോത്സാഹജനകമായിരുന്നുവെന്നും രാജ്യം ഫലപ്രദമായ ലോക്പാല്‍ നിയമമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചതായി ബേദി പറഞ്ഞു. തങ്ങളെ സശ്രദ്ധം ശ്രവിച്ച അദ്വാനി മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന സര്‍വകക്ഷി യോഗത്തിന് മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കു മുന്നില്‍ ലോക്പാല്‍ വിഷയത്തിലെ പൗരസമൂഹപ്രതിനിധികളുടെ നിലപാടുകള്‍ വിശദമാക്കുമെന്നും സിസോഡിയ പറഞ്ഞു.
ലോക്പാല്‍ വിഷയത്തിലെ തങ്ങളുടെ വീക്ഷണവും സമീപനവും ബിജെപി ഉള്‍പ്പടെയുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചതെന്നും ബേദി പറഞ്ഞു.
തങ്ങളുടെ ഭാഗം, ബില്ലിനെക്കുറിച്ചുള്ള നിലപാട് വിവിധ രാഷ്ട്രീയകക്ഷികളെ അറിയിക്കേണ്ടത് പൗരസമൂഹ പ്രതിനിധികളുടെ പ്രത്യേക കടമയായി മാറിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഓംബുഡ്സ്മാന് സംവിധാനം അഴിമതിയെ ചെറുക്കാനല്ല മറിച്ച് പരാതി നല്‍കുന്നവരെ ലക്ഷ്യമിടുന്നതിനുള്ളതാണെന്നും പൗരപ്രതിനിധി സംഘം പറഞ്ഞു.
ബ്യൂറോക്രസിയുടെ വന്‍നിരയെതന്നെ ലോക്പാല്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതും, അഴിമതിക്കാരനായ ഉദ്യോഗസ്ഥന്റെ ഭാഗം ആദ്യം കേള്‍ക്കുന്ന രീതിയും അഭികാമ്യമായ രീതികളെല്ലന്നും പൗരസമൂഹ പ്രതിനിധികള്‍ പറഞ്ഞു. ഇതേസമയം ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളില് നിന്ന് വ്യതിചലിച്ച് ആരോടും ഉത്തരവാദിത്തമില്ലാത്ത ലോക്പാല്‍ ബില്‍ വഴി സമാന്തര സര്‍ക്കാരിനുള്ള നീക്കമാണ് അണ്ണാ ഹസാരെ നടത്തിയതെന്ന് മന്ത്രി കപില്‍ സിബല്‍ ആരോപിച്ചു.
‘സര്‍ക്കാരിന് പാര്‍ലമെന്റിനോട് ബാധ്യതയുണ്ട്. ലോക്പാല്‍ ബില്ലിനെ ആര്‍ക്കും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. എംപിമാര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടാം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ജുഡീഷ്യറിയും ലോക്പാലിന് കീഴിലാവണമെന്നാണ് പൗരസമൂഹ പ്രതിനിധികളുടെ ആവശ്യം’, സിബല്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള അവകാശം ലോക്പാല്‍ വഴി ലഭിക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടതായും സിബല്‍ കുറ്റപ്പെടുത്തി. ലോക്പാല്‍ ബില്ലിന് പിന്നില്‍ ആര്‍എസ്എസ്, ബിജെപി സഖ്യമാണെന്നും ജനാധിപത്യത്തിന് എതിരാണ് അവരെന്നും സിബല്‍ കുറ്റപ്പെടുത്തി. രാംദേവിന് പിന്നില്‍ ബിജെപിയാണെന്നും സിബല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: