തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തലസ്ഥാന നഗരിയിലെ പ്രധാന വീഥിയായ എം.ജി.റോഡിനെ ഒരു മണിക്കൂറില്‍ കൂടുതല്‍ സ്തംഭിപ്പിച്ചു. സംഘര്‍ഷത്തില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റും എംഎല്‍എയുമായ ആര്.രാജേഷ് ഉള്‍പ്പെടെ പത്തോളം എസ്എഫ്ഐക്കാര്‍ക്ക് പരിക്കേറ്റു. അഡിമിനിസ്ട്രേഷന് ഡിസിപി ജോളി ചെറിയാന് ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന് സമീപം ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു. എന്നാല്‍ മാര്‍ച്ച് അവിടെ എത്തുന്നതിനു മുമ്പു തന്നെ ശക്തമായ കല്ലേറ് തുടങ്ങി. മാര്‍ച്ചില്‍ അണിനിരന്ന എസ്എഫ്ഐക്കാരാണ് ആദ്യം കല്ലേറു തുടങ്ങിയത്. കല്ലേറ് തുടങ്ങിയപ്പോള്‍ തന്നെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നാല്‍ കല്ലേറ് രൂക്ഷമാവുകയാണുണ്ടായത്. ചുടുകട്ടകളും നടപ്പാതയ്ക്കായി കൂട്ടിയിട്ടിരുന്ന കല്ലുകളും ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിച്ചത്. തുടര്‍ന്ന് പോലീസ് ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. എസ്എഫ്ഐക്കാര്‍ രണ്ടു മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് പോലീസിനു നേരെ വീണ്ടും കല്ലെറിഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി പി.ബിജുവിന്റെയും ജോയിന്റ് സെക്രട്ടറി എ.എ.റഹീമിന്റെയും നേതൃത്വത്തില്‍ ബാരിക്കേഡിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി പോലീസിനെ നേരിട്ടു. ഇതിനിടെ പോലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചതോടെ എസ്എഫ്ഐക്കാര്‍ ചിതറിയോടി. പോലീസ് പുറകെ പാഞ്ഞ് വിദ്യാര്‍ഥികളെ മര്‍ദിച്ചു. അടികൊണ്ട് ഏതാനും വിദ്യാര്‍ഥികള്‍ നിലത്തു വീണു.
ചിതറി ഓടിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കടന്നു. കോളേജിനുള്ളില്‍ നിന്ന് പോലീസിനുനേരെ ശക്തമായ കല്ലേറു തുടര്‍ന്നു. കല്ലേറു സഹിക്കാനാകാതെ പോലീസ് കല്ലുകള്‍ പെറുക്കി തിരിച്ചെറിഞ്ഞു. കല്ലേറ് ഏകദേശം പതിനഞ്ചു മിനിട്ടോളം നീണ്ടു നിന്നു.
തുടര്‍ന്ന് പോലീസ് ക്യാമ്പസിനുള്ളില്‍ കടന്നു. സ്ഥലത്തെത്തിയ ഐ.ജി.പദ്മകുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം എന്നിവര്‍ വിദ്യാര്‍ഥി നേതാക്കളുമായി സംസാരിച്ച ശേഷമാണ് സംഘര്‍ഷത്തിന് അയവു വന്നത്. സംഘര്‍ഷം അറിഞ്ഞ് എ.കെ.ബാലന്, തോമസ്ഐസക്, ടി.വി.രാജേഷ്, ശ്രീരാമകൃഷ്ണന്, ഇ.പി.ജയരാജന് തുടങ്ങിയ സിപിഎം നേതാക്കള്‍ യൂണിവേഴ്സിറ്റി കോളേജിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: