തിരുവനന്തപുരം: പിള്ള കേരള കോണ്‍ഗ്രസ് നേതാവിന് വീണ്ടും ‘പെരുന്തച്ചന് കോംപ്ലക്സ്’. താന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മകന് മന്ത്രിയായതില്‍ ആര്.ബാലകൃഷ്ണപിള്ള അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. കഴിഞ്ഞ തവണ കെ.ബി.ഗണേശ് കുമാര്‍ അച്ഛന്റെ അഭാവത്തില്‍ മന്ത്രിയായപ്പോഴും മകനെ മന്ത്രിക്കസേരയില്‍നിന്ന് താഴെയിറക്കിയത് പിള്ളയുടെ ‘പെരുന്തച്ചന് കോംപ്ലക്സ്’ തന്നെ. ശിക്ഷ പൂര്‍ത്തിയാകുന്നതുവരെ തടവില്‍ കഴിയാതെ പ്രത്യേക ഇളവ് നേടി പുറത്തിറങ്ങാന്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരിത്തിലേറിയ നാള് മുതല്‍ നടത്തിവരുന്ന ശ്രമങ്ങള്‍ വിജയം കാണാത്തതില്‍ അദ്ദേഹത്തിന് അതിയായ അമര്‍ഷമുണ്ട്. അക്കാരണത്താലാണ് മന്ത്രിസഭയില്‍നിന്ന് മകനെ രാജിവയ്പ്പിക്കുകയെന്ന സമ്മര്‍ദതന്ത്രത്തിന് പിള്ള തുനിയുന്നത്. താന്‍ തടവില്‍ കഴിയുമ്പോള്‍, പാര്‍ട്ടി പ്രതിനിധിയായി മകന്, തടവ് ഇളവ് ചെയ്യാന്‍ കൂട്ടാക്കാത്ത മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്നാണ് പിള്ളയുടെ നിലപാട്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ കേരളകോണ്‍ഗ്രസ് (ബി) നേതാക്കള്‍ പിള്ളയ്ക്ക് ഇളവ് നല്കി പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അര്‍ഹതപ്പെട്ട പരോള്‍ പിള്ളയ്ക്ക് അനുവദിച്ചതായി ജയില്‍ അധികൃതര്‍ പറയുന്നു. ഒരുവര്‍ഷം ആകെ 45 ദിവസത്തെ പരോളിന് മാത്രമേ പിള്ളയ്ക്ക് അര്‍ഹതയുള്ളൂ. അത് ആദ്യ ത്തെ രണ്ട് മാസങ്ങളില്‍ത്തന്നെ അനുവദിച്ചു. ശിക്ഷാകാലാവധിയില്‍ ഇളവാവശ്യപ്പെടുന്നതോടൊപ്പം കൂടുതല്‍ ദിനത്തെ പരോള്‍ അനുവദിക്കണമെന്ന ആവശ്യവും പിള്ള ഉന്നയിച്ചിട്ടുണ്ട്. കൂടുതല്‍ പരോള്‍ അനുവദിച്ചാല്‍ അതിന് പകരമായി അത്രയും ദിവസങ്ങള്‍ കൂടി ശിക്ഷ നീട്ടേണ്ടിവരുമെന്നതാണ് വ്യവസ്ഥ. അതിനും പിള്ള തയ്യാറല്ല. ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ജയിലിനുള്ളില്‍ നിരാഹാരം തുടങ്ങുമെന്നും പിള്ള ഭീഷണിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: