വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ പാക്കിസ്ഥാന്റെ പേരാട്ടങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്കാന് ആ രാജ്യം തയ്യാറാകാത്ത പക്ഷം, പാക്കിസ്ഥാനുള്ള സൈനികസഹായം പിന്‍വലിക്കേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മുന്നറിയിപ്പ് നല്കി.
അഫ്ഗാനിസ്ഥാനില്‍നിന്നും ഘട്ടംഘട്ടമായി സേനയെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാനെതിരായി ഹിലരി രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ വാക്കും പ്രവൃത്തിയും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്നും ഭീകരതക്കെതിരായ ആ രാജ്യത്തിന്റെ നിലപാടുകള്‍ നിരവധി സംശയങ്ങള്‍ ബാക്കിവെക്കുന്നതായും ഹിലരി കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന ഭീകര ഗ്രൂപ്പുകളെക്കുറിച്ചും ഇത്തരം ഗ്രൂപ്പുകള്‍ക്ക് ആഭ്യന്തരമായി ലഭിക്കുന്ന സുരക്ഷയെക്കുറിച്ചുമുള്ള അമേരിക്കയുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് പാക് അധികൃതര്‍ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം ലഭിക്കാത്തപക്ഷം രാജ്യത്തിനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ പിന്‍വലിക്കേണ്ടതായിവരും, ഹിലരി പറഞ്ഞു.
2001 മുതല്‍ ഏകദേശം 20 ലക്ഷം കോടി രൂപയോളമാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കിയിട്ടുള്ളത്. അമേരിക്കയില്‍നിന്നും ഏറ്റവും കൂടുതല്‍ ധനസഹായം സ്വീകരിക്കുന്ന ലോകരാജ്യങ്ങളില്‍ മൂന്നാംസ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ട സാഹചര്യത്തില്‍ അമേരിക്ക അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടൊപ്പം അമേരിക്ക നല്കുന്ന സാമ്പത്തികസഹായം പാക്കിസ്ഥാന് കടുത്ത രീതിയില്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പാക്കിസ്ഥാനുള്ള സൈനിക-സാമ്പത്തിക സഹായങ്ങള്‍ സംബന്ധിച്ച തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇതിനിടയില്‍ പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന ആരോപണവുമായി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞത് തങ്ങളുടെ അറിവോടെയായിരുന്നില്ല എന്ന ആ രാജ്യത്തെ അധികൃതരുടെ വിശദീകരണം വിഡ്ഢികളെ മാത്രം തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാണെന്നാണ് ന്യൂജഴ്സിയില്‍നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ റോബര്‍ട്ട് മെന്‍ഡസ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ലാദന്റെ സാന്നിധ്യത്തെക്കുറിച്ച് പാക്കിസ്ഥാനിലെ ഉന്നതാധികാരികള്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലെന്നും അഭിപ്രായമുയരുന്നുണ്ട്. അഫ്ഗാനിലെ സൈനിക നടപടികള്‍ക്ക് പാക് സഹായം അനിവാര്യമാണെന്നും ഇക്കാരണത്താല്‍ ആ രാജ്യത്തെ പിണക്കേണ്ടതില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.
മെയ് 2 ന് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ നടത്തിയ സൈനികനീക്കത്തിലൂടെ അമേരിക്ക ലാദനെ വധിച്ചതു മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടര്‍ക്കഥയാണ്. ലാദനെ വധിച്ച അമേരിക്കന്‍ നടപടി ന്യായീകരിക്കാനാവില്ലെന്നാണ് പാക്കിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും കരുതുന്നതും. എന്നാല്‍ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്ന ഭീകരവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബോധപ്പിക്കാത്തപക്ഷം, ആ രാജ്യത്തിനെതിരായി കനത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് അമേരിക്കന്‍ പൗരന്മാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: