തിരുവനന്തപുരം: അര്‍ഹതയില്ലാതെ ബിപിഎല്‍ ലിസ്റ്റില്‍ കടന്നു കൂടിയ റേഷന്‍ കാര്‍ഡുകളെ അതില്‍ നിന്നും ഒഴിവാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബ്. പരിശോധനയിലാണ് അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ കടന്നു കൂടിയതായി കണ്ടെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ 45ലക്ഷം പേരാണ് ബിപിഎല്‍ ലിസ്റ്റില്‍ കടന്നു കൂടിയത്. കുടുംബശ്രീയെ ഉപയോഗിച്ചായിരുന്നു സര്‍വെ നടത്തി ബിപിഎല്ലുകാരെ കണ്ടെത്തിയത്. അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ നല്ലൊരു പങ്കും വ്യാജമാണ്. ഇത്തരം വ്യാജമാന്മാരെ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ഇത്തരക്കാര്‍ വില്ലേജ് ഓഫീസറില്‍ നിന്നും തങ്ങളുടെ വരുമാന സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് ഓഫീസില്‍ നിന്നും താമസിക്കുന്ന വീടിന്റെ പ്ലിന്ത് ഏരിയ സര്‍ട്ടിഫിക്കറ്റും വാങ്ങി നല്‍കണം. ബിപിഎല്ലുകാര്‍ക്ക് 25 കിലോഅരി കിലോയ്ക്ക് 1 രൂപ നിരക്കില്‍ ഈ തിരുവോണത്തിന് ഒരു ദിവസം മുമ്പ് കൊടുത്തു തുടങ്ങും. എപിഎല്ലുകാര്‍ക്ക് ഇത് 2 രൂപ നിരക്കിലും നല്‍കും. ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് അരി നല്കാന് ആറു കോടി രൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കേണ്ടി വരും. മന്ത്രി പറഞ്ഞു.
വസ്തുവിന്റെ പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഫെയര്‍ വാല്യു നിശ്ചയിച്ചതിലെ അപാകതകള്‍ ഒഴിവാക്കും. മാതാപിതാക്കള്‍ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കുന്നതും ഭാഗപത്രം തയ്യാറാക്കുമ്പോള്‍ കൈമാറ്റം ചെയ്യപ്പെടാതെ നല്കുന്ന വസ്തുവിനും ഫെയര്‍ വാല്യു ഏര്‍പ്പെടുത്തുന്നത് അനീതിയാണ്. കണ്‍സ്യൂമര്‍ ഫോറത്തിലെ ഒഴിവുകള്‍ നികത്തും. നൂറു നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ഒരു പൈസ പോലും ലാഭം എടുക്കാതെ മരുന്നുകള്‍ നല്‍കാനുള്ള വ്യവസ്ഥയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇത്തരം കടകള്‍ ആശുപത്രികളുടെ സമീപത്തേക്കു മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മാനേജ്മെന്റുകള്‍ക്ക് കോളേജുകള്‍ നടത്തിക്കൊണ്ടു പോകാനുള്ള ന്യായമായ വരുമാനം ലഭിക്കത്തക്ക വിധം ഫീസ് നിര്‍ണയിക്കണമെന്ന സുപ്രീംകോടതി വിധി അനുസരിക്കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമൂഹത്തിന്റെ ഭാഗമാണ്. അതിനാല്‍ അവരും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. വിദ്യാഭ്യാസം കച്ചവടമാക്കി മുന്നോട്ടു പോകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിനെ പോലെ സമുദായ സംഘടനകളെ ശത്രുക്കളാക്കി യുഡിഎഫ് മുന്നോട്ടു പോകില്ല. സ്വാശ്രയ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയത് എല്‍ഡിഎഫ് ആണ്. ഭരണനിര്‍വഹണത്തില്‍ എല്‍ഡിഎഫ് തികഞ്ഞ പരാജയമാണെന്നതിന് ഇത് തെളിവാണ്. എങ്ങനെ ഭരണം നടത്തിയെന്ന് ആത്മപരിശോധന നടത്താന്‍ വി.എസ്.അച്യുതാനന്ദനടക്കമുള്ളവര്‍ തയ്യാറാകണം. ഭരിക്കുന്ന കാലത്ത് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നത് ശരിയല്ല. യുഡിഎഫ് അങ്ങനെ ആരെയും വേട്ടയാടില്ല. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ കുറിച്ച് അന്ന് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ന് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നതായും ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: