ഈ ഭൂമിയിലേക്ക് നവ്യമായ ഒരു ജീവനെ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന ഓരോരുത്തരും ചിന്തിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, സൃഷ്ടിപരമായ ഈ പ്രക്രിയയില്‍ പങ്കെടുക്കുന്ന തങ്ങളുടെ മാനസിക ഭാവം ഒരു പുതിയ പിറവിയെ സ്വാഗതം ചെയ്യുന്നതില്‍ തീവ്രമായി അഭിലഷിക്കുന്നുവോ?രണ്ട്, പിറന്നുവീഴുന്ന ശിശുവിന് ആരോഗ്യത്തോടും ആത്മനിര്‍വൃതിയോടും കൂടി വളരുവാനാവശ്യമായ ഗാര്‍ഹികാന്തരീക്ഷം നിലവിലുണ്ടോ?മൂന്ന്, എല്ലാവിധ വിഭാഗീയതകള്‍ക്കും അതീതമായി മാനവികതയുടെ പ്രകാശത്തില്‍ ജീവിക്കുവാന്‍ പര്യാപ്തമായ ഒരന്തരീക്ഷം ഒരുക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമോ?നാല്, സ്വയം പര്യാപ്തതയിലേക്കും സ്വയം നിര്‍ണയത്തിലേക്കും എത്തിച്ചേരുന്നതുവരെ അവരുടെ സംരക്ഷണത്തിനുള്ള പശ്ചാത്തല സൗകര്യം നിലവിലുണ്ടോ?
ഇങ്ങനെ വളരെ പ്രാധാന്യമേറിയ ഒട്ടേറെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും വിവാഹിതരാകാന്‍ പോകുന്ന യുവാക്കളും യുവതികളും സ്വയം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ പലരും വിവാഹമെന്നത് ഒരു തമാശ മാത്രമായാണ് കണക്കിലെടുക്കുന്നത്. പരമ്പരാഗതമായ കീഴ്വഴക്കങ്ങളുടെ ഭാഗമായോ, ലൈംഗിക നിവൃത്തിക്കുള്ള ഒരു സാമൂഹിക അംഗീകാരമായോ, സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള മാര്‍ഗമായോ, അദ്ധ്വാനഭാരത്തെ ലഘൂകരിക്കുവാനുള്ള എളുപ്പ വഴിയായോ ഇവര്‍ വിവാഹത്തെ കാണുന്നു. വിവാഹശേഷമാകട്ടെ, തങ്ങളുടെ ലൈംഗിക അഭിലാഷങ്ങളുടെ പൂര്ത്തീകരണശ്രമത്തിനിടയിലെ ഉപോത്പന്നം മാത്രമായി ഓരോ സൃഷ്ടികളും സംഭവിക്കുന്നു.
മാതാപിതാക്കളുടെ തീവ്രസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായി, അവരുടെ സങ്കല്പത്തിലെ ചിത്രചാതുരിയായി മാറേണ്ട കുഞ്ഞുങ്ങള്‍ പലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥികളായി കടന്നുവരുന്നു. പിന്നീട് ഓരോ കുട്ടികളും മാതാപിതാക്കളുടെ നിക്ഷിപ്ത താല്‍പര്യസംരക്ഷണത്തിന്റെ ഇരകളായി മാറുന്നു. കാലങ്ങളായി തങ്ങള്‍ തുടര്‍ന്നുപോരുന്ന പഴകി ജീര്‍ണിച്ച എല്ലാ പരമ്പരാഗത വിശ്വാസങ്ങളുടെയും കാവലാളായി തങ്ങളുടെ കുട്ടികള്‍ മാറണമെന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. അതിനായി അവര്‍ കുട്ടികളുടെ സ്വാഭാവിക ഹൃദയവികാരങ്ങളെ അവഗണിക്കുകയും, ആ സ്ഥാനത്ത് തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇവിടെ നിന്നാണ് ഓരോ ശിശുക്കളുടെയും വളര്‍ച്ചയിലെ പിഴവുകള്‍ ആരംഭിക്കുന്നത്. ഓരോ കുട്ടിയുടെയും സ്വാഭാവവൈകൃതങ്ങളെക്കുറിച്ച് പരാതി പറയുന്ന മാതാപിതാക്കള്‍ ഓര്‍മിക്കുക; ഈ കുട്ടികള്‍ തങ്ങളുടെ സൃഷ്ടികളാണ്. അത് മോശമായാലും നന്നായാലും അതിന്റെ ഉത്തരവാദിത്വം ഏറെയും തങ്ങള്‍ക്ക് തന്നെയാണ്.ഒരു ശില്പി ശിലയില്‍നിന്നും ശില്പത്തെ വീണ്ടെടുക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് അവിടെ സംഭവിക്കുന്നത്? തന്റെ മനസ്സില്‍ ആലേഖനം ചെയ്തിരിക്കുന്ന ശില്പസൗകുമാര്യത്തെ അദ്ദേഹം തനിക്കുമുന്നിലെ ശിലയില്‍ കണ്ടെത്തുന്നു. പിന്നീട് ആ സൗകുമാര്യത്തെ ആവരണംചെയ്തിരിക്കുന്ന ശിലാഖണ്ഡങ്ങളെ സാവകാശം നീക്കംചെയ്യുകയും, താന്‍ ഹൃദയത്തില്‍ സ്വാംശീകരിച്ചിരുന്ന ശില്പത്തെ ശിലയില്‍നിന്നും വീണ്ടെടുക്കുകയും ചെയ്യുന്നു. ഇതുപോലെതന്നെയുള്ള സര്‍ഗാത്മക സൃഷ്ടിയാണ് ഒരു കുട്ടിയെ സൃഷ്ടിക്കുകയും സമൂഹം തീര്‍ത്ത ഒട്ടേറെ ആവരണങ്ങളില്നിന്നും അതിനെ വീണ്ടെടുക്കുകയും ചെയ്യുക എന്നത്. എത്രമാത്രം അവധാനതയോടെ, ചാതുര്യത്തോടെ, സൗന്ദര്യാത്മകതയോടെ യാണ് നിങ്ങള്‍ ഈ കര്‍മം നിറവേറ്റുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ഓരോ സൃഷ്ടിയുടെയും സൗന്ദര്യവും സൗരഭ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: