ന്യൂദല്‍ഹി: വനിതാ സംവരണബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു.
ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍നിന്ന് സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും വിട്ടുനിന്നു. സീറ്റ് വിതരണത്തില്‍ വനിതകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്വാട്ട വേണമെന്ന ശിവസേന ആവശ്യപ്പെട്ടപ്പോള്‍ ഒബിസി വനിതകള്‍ക്കായി ക്വാട്ടക്കുള്ളില്‍ ക്വാട്ട വേണമെന്ന് ആവശ്യമാണ് രാഷ്ട്രീയ ജനതാദള്‍ ഉന്നയിച്ചത്. ബില്ലിന്റെ നിലവിലുള്ള രൂപത്തെ അംഗീകരിക്കാനാവില്ലെന്ന് എസ്പിയും ബിഎസ്പിയും വ്യക്തമാക്കി. ബില്ലിന്റെ കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഇരു പാര്‍ട്ടികളെയും അനുനയിപ്പിക്കാന്‍ പ്രത്യേകമായി ചര്‍ച്ച നടത്തുമെന്നും അഭിപ്രായ സമന്വയം ഉണ്ടാകുന്നതുവരെ അതിനുള്ള ശ്രമം തുടരുമെന്നും യോഗത്തിന് ശേഷം ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് അടുത്ത യോഗം വിളിച്ചുകൂട്ടും. ആഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍തന്നെ ബില്‍ കൊണ്ടുവരണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 2010 മാര്‍ച്ചില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് പകരം സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ടിക്കറ്റ് വിതരണത്തില്‍ സ്ത്രീകള്‍ക്ക് സമാന സംവരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ശിവസേനാ എംപി അനന്ത് ഗീഥെ നിര്‍ദേശിച്ചു. 33 ശതമാനം സംവരണത്തില്‍ ഒബിസി വനിതകള്‍ക്കായി ക്വാട്ടക്കുള്ളില്‍ ക്വാട്ട വേണമെന്ന് ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജ്യസഭാ ബില്‍ പാസാക്കിയ വേളയിലുണ്ടായ കലാപകലുഷിതമായ രംഗങ്ങള്‍ ലോക്സഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഭിപ്രായസമന്വയം ഉണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് സ്പീക്കറോട് ആവശ്യപ്പെട്ടു. വിയോജിക്കുന്ന അംഗങ്ങള്‍ക്ക് അവരുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരം കൊടുക്കണം. മാര്‍ഷലുകളുടെ സഹായം തേടേണ്ടിവന്ന രാജ്യസഭയിലെ സ്ഥിതി ലോക്സഭയില്‍ ആവര്‍ത്തിക്കപ്പെടരുതെന്നും സുഷമാ സ്വരാജ് നിര്‍ദേശിച്ചു. ബില്ലിനെ പിന്തുണച്ച് രാജ്യസഭയില്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ലോക്സഭയിലും ബിജെപി കൈക്കൊള്ളുകയെന്ന് അവര്‍ പറഞ്ഞു.
വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒട്ടേറെ അംഗങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന കാര്യം സ്പീക്കര്‍ മീരാകുമാര്‍ ചൂണ്ടിക്കാട്ടി.
ബിജെപി, ഇടതുപാര്‍ട്ടികള്‍, എഐഎഡിഎംകെ, ഡിഎംകെ, ശിരോമണി അകാലിദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവയുടെ പ്രതിനിധികള്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയും സന്നിഹിതനായിരുന്നു.
ഇതിനിടെ, സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റെയും കരട് ലോക്പാല്‍ ബില്ലുകളുടെ ചര്‍ച്ച ജൂലൈ 3 ന് നടക്കും. അഴിമതി നിരോധനബില്ലിന്റെ രണ്ട് രൂപങ്ങള്‍ സര്‍ക്കാര്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയെ ഓംബുഡ്സ്മാന്റെ കീഴില്‍ കൊണ്ടുവരണമോ എന്നും മറ്റുമുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണിത്. സര്‍വകക്ഷിയോഗം 3 ന് ദല്‍ഹിയില്‍ കൂടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ പ്രതിനിധികളും പൊതുസമൂഹ പ്രതിനിധികളും ഒമ്പത് പ്രാവശ്യം യോഗം ചേര്‍ന്നെങ്കിലും ധാരണയായില്ല. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കരട് ബില്ലും പൊതുസമൂഹത്തിന്റെ കരട് ബില്ലും രാഷ്ട്രീയ കക്ഷികള്‍ക്ക് നല്കുവാനും അവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞശേഷം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുമാണ് പരിപാടി. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയേയും ഉന്നത നീതിപീഠത്തേയും പാര്‍ലമെന്റംഗങ്ങളുടെ സഭയിലെ പെരുമാറ്റത്തേയും കൊണ്ടുവരുന്നതിനോട് സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: