കരേലിയ: പ്രതികൂല കാലാവസ്ഥമൂലം റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ വിമാനാപകടത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കരേലിയ റിപ്പബ്ലിക്കിലെ പെട്രോ സാവ്ഡസ് വിമാനത്താവളത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റണ്‍വേയില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം ഇടിച്ച് തീപിടിക്കുകയായിരുന്നു.
റസ് എയര്‍ ടപ്ലോ 13 എന്ന വിമാനത്തില്‍ 43 യാത്രക്കാരും 9 വിമാനജോലിക്കാരുമുണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ 10 വയസ്സുള്ള ഒരാണ്‍കുട്ടിയും അവന്റെ സഹോദരി എന്ന് കരുതപ്പെടുന്ന 14 കാരിയായ പെണ്‍കുട്ടിയും ഉണ്ട്. കനത്ത മൂടല്‍ മഞ്ഞിലും മഴയിലുമായിരുന്നു സംഭവം. വിമാനം തലസ്ഥാനമായ മോസ്കോയില്‍ നിന്നും പെട്രോസാവ്ഡസ്നിലേക്കുള്ള യാത്രയിലായിരുന്നു.
റണ്‍വേക്കടുത്തുള്ള വീടുകള്‍ക്കകലെയാണ് വിമാനം തകര്‍ന്നുവീണത്. റോഡില്‍ ശവശരീരങ്ങള്‍ ചിതറികിടന്നതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. രാത്രിയില്‍ തകര്‍ന്ന വിമാനത്തില്‍നിന്നുയരുന്ന തീജ്വാലകളുടെ ഒരു മൊബെയില്‍ വീഡിയോ ദൃശ്യം സംഭവത്തിന് തെളിവേകുന്നു.
റഷ്യന്‍ മന്ത്രാലയം യാത്രക്കാരുടെയും രക്ഷപ്പെട്ടവരുടെയും പൂര്‍ണമായ പട്ടിക പുറത്തിറക്കി. ഒരു ഡച്ചുകാരനും സ്വീഡന്‍കാരനും രണ്ട് ഉക്രേനിയക്കാരും അമേരിക്കയിലും റഷ്യയിലും പൗരത്വമുള്ള നാലംഗ കുടുംബവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ ന്യൂക്ലിയര്‍ കയറ്റുമതി ഏജന്‍സിയുടെ സഹോദര സ്ഥാപനമായ ഗിഡ്രോപ്രസ്സിന്റെ സീനിയര്‍ മാനേജര്‍മാരില്‍ മിക്കവരും കൊല്ലപ്പെട്ടു. റഷ്യന്‍ പ്രീമിയര്‍ ഫുട്ബോള്‍ റഫറി വ്ലാഡിമിര്‍ പെടെയും മരണമടഞ്ഞു. ഒരു വനിതാ ഫ്ലൈറ്റ് അറ്റന്‍ഡറും ഇതില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരും പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്. പലരേയും വിദഗ്‌ദ്ധ ചികിത്സക്കായി മോസ്കോയിലേക്ക് കൊണ്ടുപോയി.
കനത്ത കോടയിലും മഴയിലുമാണ് വിമാനമിറങ്ങിയതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞതായി ഇന്റര്‍ഫാക്സ് ഏജന്‍സി അറിയിച്ചു.
താഴേക്കുവന്ന വിമാനം ഒരു ഇലക്ട്രിക് കമ്പിയില്‍ ഇടിക്കുകയും റണ്‍വേയിലെ കാഴ്ച മങ്ങുമ്പോള്‍ ഉപയോഗിക്കാറുള്ള ലാന്‍ഡിങ്ങ് വിളക്കുകള്‍ അണയുകയും ചെയ്തു. ഇത് അപകടത്തിന് നിമിഷങ്ങള്‍ക്കുമുമ്പാണ്.
ലൈറ്റുപോയ ഉടന്‍ ബദല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവെങ്കിലും അപകടം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടുകിട്ടിയിട്ടുണ്ട്. അത് മോസ്കോയില്‍ നിന്നുള്ള വിദഗ്‌ദ്ധര്‍ പരിശോധിക്കും. അപകടത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കിഴക്കന്‍ യൂറോപ്പിലും വിമാനങ്ങള്‍ പറത്തുന്ന മോസ്കോ കേന്ദ്രമാക്കിയ ഒരു സ്വകാര്യ കമ്പനിയാണ് റസ് എയര്‍. രണ്ട് യന്ത്രങ്ങളുള്ള ടിയു 130 എന്ന വിമാനം റഷ്യയുടെ വ്യോമയാനരംഗത്തെ പടക്കുതിരയാണ്. ഫിന്‍ലണ്ടിനടുത്തായി തടാകങ്ങളും വനങ്ങളും നിറഞ്ഞ റഷ്യന്‍ വിനോദസഞ്ചാരികളുടെ വേനല്‍ക്കാല താവളമാണ് കരേലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: