കൊച്ചി: കവിയൂര്‍ കൂട്ട ആത്മഹത്യ കേസില്‍ തുടരന്വേഷണത്തിന് വിചാരണ കോടതിയായ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. അനഘയെ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സിബിഐയോട് കോടതി നിര്‍ദേശിച്ചു.
മൂന്ന് മന്ത്രി പുത്രന്മാരുടെ പങ്കാളിത്തത്തിലേക്ക് വിരല്‍ചൂണ്ടുന്ന കത്ത് ഉള്‍പ്പെടെയുള്ള വിവരങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂട്ട ആത്മഹത്യ ചെയ്ത നാരായണന് നമ്പൂതിരിയുടെ മകള്‍ അനഘയെ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്നോയെന്ന് സിബിഐ അന്വേഷിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം.
മന്ത്രിപുത്രന്മാരടക്കം ചില ഉന്നതര്‍ അനഘയെ പീഡിപ്പിച്ചിരുന്നെന്ന് കൂട്ടുകാരി ശ്രീകുമാരി ഹൈക്കോടതി ജഡ്ജി ആര്. ബസന്തിന് കത്തെഴുതിയിരുന്നു. ഈ കത്ത് അന്ന് സിബിഐ ഡിഐജിയായിരുന്ന ശ്രീലേഖയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ട്, കോടതി പറഞ്ഞു.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ അവര്‍ പീഡിപ്പിച്ചതെന്ന് അനഘ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ശ്രീകുമാരി കത്തില്‍ സൂചിപ്പിച്ചിരുന്നത്. കത്തെഴുതിയ ശ്രീകുമാരിയെ കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ കത്ത് വ്യാജമായി എഴുതിയതാണെന്ന നിഗമനത്തിലാണ് സിബിഐ എത്തിയിരുന്നത്. ഇതേത്തുടര്‍ന്നാണ് കത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സിബിഐ എത്തിയത്. കേസില്‍ മന്ത്രിപുത്രന്മാരെ വലിച്ചിഴയ്ക്കുന്നത് ക്രൂരമാണെന്ന് സിബിഐ രണ്ടാഴ്ച മുമ്പ് വാദിച്ചിരുന്നു. അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന് നമ്പൂതിരി തന്നെയാണെന്നും ഇതേത്തുടര്‍ന്നുണ്ടായ കുടുംബപ്രശ്നങ്ങളുടെ പേരിലായിരുന്നു ആത്മഹത്യയെന്നുമാണ് സിബിഐ വ്യാഖ്യാനിച്ചത്. എന്നാല്‍ ഇത്തരമൊരു നിഗമനത്തിലെത്തുന്നതിന് മുമ്പ് സിബിഐ വേണ്ടത്ര അന്വേഷണം ഇക്കാര്യത്തില്‍ നടത്തേണ്ടതായിരുന്നെന്ന് കോടതി കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും പ്രത്യേക ജഡ്ജി ജോസ് ചെറിയാന് നിര്‍ദേശിച്ചു.
ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തണം. അനഘയെ ലൈംഗികമായി ചൂഷണം ചെയ്തതുമൂലം കുടുംബം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യവും പ്രത്യേക വിഷയമാക്കണം.
കേസ് പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് കാണിച്ച് നന്ദകുമാര്‍ കൊടുത്ത സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. കൈവശമുള്ള തെളിവുകള്‍ ഹര്ജിക്കാരന് രണ്ടാഴ്ചക്കകം കൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായ ശാരി ചികിത്സയില്‍ കഴിയുമ്പോഴാണ് അനഘയും കുടുംബവും ആത്മഹത്യ ചെയ്യുന്നത്. പൂജാരിയായ നാരായണന് നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെയാണ് 2004 സപ്തംബര്‍ 28ന് കവിയൂരിലുള്ള വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: