Categories: Business

മാരുതിയിലെ സമരം മൂലം 420കോടി നഷ്ടം

Published by

ന്യൂദല്‍ഹി: കഴിഞ്ഞ പന്ത്രണ്ട്‌ ദിവസമായി തുടര്‍ന്ന സമരം തൊഴിലാളികള്‍ പിന്‍വലിച്ചു. പന്ത്രണ്ടായിരത്തോളം കാറുകളുടെ ഉല്‍പാദന നഷ്ടം സമരം ഉണ്ടാക്കിയെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഏകദേശം 420 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പതിമൂന്ന്‌ ദിവസം നീണ്ടുനിന്ന സമരം ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ വ്യാഴാഴ്ച രാത്രിയിലാണ്‌ ഒത്തുതീര്‍പ്പായത്‌. പ്രത്യേക യൂണിയന്‍ ആവശ്യപ്പെട്ട്‌ നടത്തിയ സമരത്തിന്റെ പേരില്‍ പിരിച്ചുവിട്ട 11 പേരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ്‌ സമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്‌. കമ്പനിക്ക്‌ സംഭവിച്ച 420 കോടി രൂപയുടെ നഷ്ടം തൊഴിലാളികളോട്‌ പരിഹരിച്ചുതരണമെന്ന്‌ ആവശ്യപ്പെട്ടിട്ടുള്ളതായി കമ്പനിയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മനേസര്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന കാറുകളാണ്‌ സ്വിഫ്ട്‌ ഡിസൈനര്‍, എ സ്റ്റാര്‍, എസ്‌ എക്സ്‌ എന്നിവ. രണ്ട്‌ ഷിഫ്റ്റുകളിലായി ദിവസവും 1200 കാറുകളാണ്‌ നിര്‍മിക്കുന്നത്‌. സമരത്തെത്തുടര്‍ന്ന്‌ ബുക്കിംഗ്‌ കാലാവധി ഒരു മാസം കൂടി വൈകുമെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു.

പിരിച്ചുവിടപ്പെട്ട പതിനൊന്നുപേരെ തിരിച്ചെടുക്കണമെന്ന സമരാനുകൂലികളുടെ ആവശ്യം കമ്പനി അധികൃതര്‍ അംഗീകരിച്ചു. എന്നാല്‍ ഇവരെ അച്ചടക്ക നടപടിക്കുശേഷമേ തിരിച്ചെടുക്കൂവെന്ന്‌ കമ്പനി വ്യക്തമാക്കി. അതിന്റെ ഭാഗമെന്നോണം തിരിച്ചെടുക്കപ്പെട്ട പതിനൊന്നുപേര്‍ രണ്ട്‌ മാസത്തോളം നിരീക്ഷണത്തിലായിരിക്കും. തൊഴിലാളികള്‍ രൂപീകരിച്ച സംഘടനയായ എംഇഎസ്‌യുവിനെ കമ്പനി അംഗീകരിക്കാന്‍ തയ്യാറാവാതെപോയതിനെത്തുടര്‍ന്നാണ്‌ തൊഴിലാളിസമരം ആരംഭിച്ചത്‌. എന്നാല്‍ പുതിയ യൂണിയന്‍ അനുവദിക്കണമെന്ന ആവശ്യം പിന്നീട്‌ പരിഗണിക്കാമെന്ന്‌ ഇപ്പോള്‍ കമ്പനി അധികൃതര്‍ പറയുന്നു. പുതിയ യൂണിയന്‌ ഹരിയാന ലേബര്‍ വകുപ്പ്‌ അനുമതി നല്‍കുന്നതോടെ അത്‌ ഫലത്തില്‍ നിലവില്‍വരുമെന്ന്‌ മാരുതി സുസുക്കി എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ശിവകുമാര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ്‌ കരാറില്‍ പുതു യൂണിയന്‍ എന്ന ആവശ്യമില്ലെന്നും പുതു യൂണിയന്‌ യാതൊരുവിധ അംഗീകാരവും ഉറപ്പും നല്‍കിയിട്ടില്ലെന്നും ഗുര്‍ഗാവ്‌ പ്ലാന്റിലുള്ള മാരുതി ഉദ്യോഗ്‌ കാംകാര്‍ യൂണിയന്‍ അല്ലാതെ ഒന്നിനും അംഗീകാരം നല്‍കില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ എംഇഎസ്‌യുവിനെ അംഗീകരിക്കുക എന്ന ആവശ്യത്തില്‍നിന്ന്‌ പിന്നോട്ടുപോവില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by